Monday, May 20, 2024
spot_img

പിസിക്ക് ഇന്ന് നിർണ്ണായക ദിനം; മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി പരിഗണിക്കും

തിരുവനന്തപുരം:എറണാകുളം സെഷൻസ് കോടതിയിൽ പി സി ജോർജ് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം വെണ്ണലയിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി പിസി ജോർജ്ജിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് സർക്കാരിന്റെ നടപടിയെന്നും ജാമ്യം വേണമെന്നുമാണ് പി സി ജോർജിന്റെ ആവശ്യം. ഹർജിയിൽ സർക്കാർ ഇന്ന് മറുപടി നൽകും.

കേസിൽ തന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോർജിന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസമായിരുന്നു തള്ളിയത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല മഹാദേവ ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന്റെ സമാപനപരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പി സി ജോർജ്ജിനെതിരെ കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം പോലീസാണ് പി സി ജോർജ്ജിന് എതിരെ സ്വമേധയാ കേസ് രജിസ്ടർ ചെയ്തത്.

പിസിക്കെതിരെ ചുമത്തിയ 153 എ, 295 എ വകുപ്പുകൾ നിലനിൽക്കും. ജോർജിന്റെ അറസ്റ്റുണ്ടാകും പക്ഷേ തിടുക്കമില്ലെന്നുമാണ് കമ്മിഷണർ പറഞ്ഞത്. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലും പിസി ജോർജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് ജാമ്യം ലഭിച്ചതിന് പിന്നാലെ പിസി ജോർജ്ജ് വ്യക്തമാക്കിയത്.

Related Articles

Latest Articles