Tuesday, May 21, 2024
spot_img

അവശനിലയില്‍ ചികിത്സ തേടി വയനാട് മെഡിക്കല്‍ കോളേജിലെത്തി; ആദിവാസി വയോധികയെ നോക്കാതെ പറഞ്ഞയച്ചു, സംഭവം വിവാദത്തില്‍

മാനന്തവാടി: അവശനിലയില്‍ ചികിത്സ തേടി വയനാട് മെഡിക്കല്‍ കോളേജിലെത്തിയ ആദിവാസി വയോധികയെ കിടത്തിച്ചികിത്സ നല്‍കാതെ തിരിച്ചയച്ച സംഭവം വിവാദത്തിൽ. വയനാട് മെഡിക്കല്‍ കോളേജ് അധികൃതരുടെ നടപടി വിവാദത്തിലായിരിക്കുന്നത്. ബേഗൂര്‍ കൊല്ലിമൂല കോളനിയിലെ അറുപത്തിയഞ്ചുകാരി കെമ്പിയെ ആണ് അവശ നിലയിൽ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടർന്ന് ബേഗൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്ര അധികൃതരും സാമൂഹിക പ്രവര്‍ത്തകരും ഇടപ്പെട്ടതോടെ കെമ്പിയെ വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ചയാണ് കെമ്പിയെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാസന്ന നിലയിലായ വയോധികയെ വെറും രണ്ടുമണിക്കൂറിനു ശേഷം ഡിസ്ചാർജ് ചെയ്യുകയായിരുന്നുവെന്ന് കെമ്പിയുടെ മകന്റെ ഭാര്യ സുമ പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആംബുലന്‍സിലാണ് ഇവരെ തിരികെ വീട്ടിലെത്തിച്ചത്.

കെമ്പിയുടെ ആരോഗ്യസ്ഥിതിയില്‍ ഒരുമാറ്റവും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പിറ്റേ ദിവസം ഒ.പിയില്‍ എത്താന്‍ നിര്‍ദ്ദേശിച്ചെന്ന് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെമ്പിയുടെ ബന്ധുക്കള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles