ദില്ലി: രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള സാരി അദ്ദേഹത്തിന് തന്നെ സമ്മാനിച്ച് പത്മ പുരസ്‌കാര ജേതാവ് ബീരേൻ കുമാർ ബസക്.
നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ചിത്രമാണ് സാരിയിലുള്ളത്. നരേന്ദ്ര മോദി തന്നെയാണ് ഈ സന്തോഷ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഭാരതീയ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും വിവിധ വശങ്ങൾ കൊണ്ട് അലങ്കരിക്കുന്ന പ്രശസ്ത സാരി നെയ്തുകാരനാണ് ബീരേൻ കുമാർ ബസക്. അദ്ദേഹത്തിൽ നിന്നും ലഭിച്ച സമ്മാനം തന്റെ ഹൃദയം കീഴടക്കി എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
മൈക്കിന് മുന്നിൽ നിൽക്കുന്ന പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നതാണ് ചിത്രം. ജാതിമതഭേദമന്യേ എല്ലാ ജനങ്ങളും സദസ്സിലിരുന്ന് മോദിയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്നതും ചിത്രത്തിൽ കാണാം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ഐക്യമാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള കലാകാരനായ ബീരേൻ കുമാർ ബസക് ചിത്രത്തിലൂടെ കാണിച്ചുതന്നത്.
അതേസമയം ഇത്തരത്തിൽ നിരവധി സമ്മാനങ്ങൾ പത്മ പുരസ്‌കാര ജേതാക്കൾ നരേന്ദ്ര മോദിക്ക് നൽകിയിട്ടുണ്ട്. ബീഹാറിലെ മധുബാനിയിൽ നിന്നുള്ള കലാകാരിയായ ദുലാരി ദേവി അതിസുന്ദരമായ ഒരു കലാസൃഷ്ടിയാണ് പ്രധാനമന്ത്രിക്ക് നൽകിയത്.

