ശ്രീനഗർ: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ബുഡ്ഗാമിലും പുൽവാമയിലുമായി നടന്ന രണ്ട് ഏറ്റുമുട്ടലുകളിലായി അഞ്ച് പാക് ഭീകരരെ (Pak Terrorists Killed) സൈന്യം വധിച്ചു. ഇത് സൈന്യത്തിന്റെ വലിയ വിജയമാണെന്ന് കശ്മീർ സോൺ ഐജി വിജയ്കുമാർ പ്രതികരിച്ചു. അഞ്ചിൽ നാല് പേരും കൊല്ലപ്പെട്ടത് പുൽവാമയിലെ നൈര പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ്.
ലഷ്‌കർ, ജെയ്‌ഷെ ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവരിൽ ജെയ്‌ഷെ കമാൻഡർ സാഹിദ് വാനിയും ലഷ്‌കർ ഭീകരരും ഉൾപ്പെടുന്നതായി കശ്മീർ പോലീസ് അറിയിച്ചു. സംഭവത്തിൽ ഭീകരരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ബുഡ്ഗാമിലെ ക്രാരി-ഷരീഫ് ഏരിയയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇയാളുടെ പക്കൽ നിന്നും എകെ 56 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. ഏറ്റുമുട്ടൽ നടന്ന ബുഡ്ഗാമിലും പുൽവാമയിലും തിരച്ചിൽ തുടരുകയാണ്. ഇതോടെ മേഖലയിൽ അതീവ ജാഗ്രതയിലാണ് സൈന്യം.

