Thursday, May 16, 2024
spot_img

ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം, ബംഗ്ലാദേശിന്റെയും പാകിസ്ഥാന്റെയും ഇന്ത്യയുമായുള്ള ലയനം സാധ്യമാകും; ഹരിയാന മുഖ്യമന്ത്രി

ബംഗ്ലാദേശിന്റെയും പാകിസ്ഥാന്റെയും ഇന്ത്യയുമായുള്ള ലയനം സാധ്യമാകുമെന്ന് ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടര്‍. കിഴക്കന്‍ ജര്‍മ്മനിയുടെയും പശ്ചിമ ജര്‍മ്മനിയുടെയും ഏകീകരണം പോലെ പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ലയനവും സാധ്യമാകുമെന്നായിരുന്നു മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവന. ബിജെപിയുടെ ദേശീയ ന്യൂനപക്ഷ മോര്‍ച്ചയുടെ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഖട്ടര്‍ പ്രതികരിച്ചത്.

വനവാസിയായ ഒരു സ്ത്രീ ഇന്ത്യയുടെ പ്രസിഡന്റായപ്പോള്‍ പാകിസ്താനും ബംഗ്ലാദേശും പോലുള്ള അയല്‍ രാജ്യങ്ങള്‍ അക്രമങ്ങള്‍ക്ക് സാക്ഷിയാവുകയാണ് ചെയ്യുന്നതെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. സമാധാനമില്ലാത്തതിനാല്‍ ഒരു രാജ്യത്തിന്റെ പ്രസിഡന്റിന് ഓടിപ്പോകേണ്ടിവന്നെന്ന് ശ്രീലങ്കയെ വിമർശിച്ച് ഖട്ടര്‍ പ്രസ്താവിച്ചു.

‘നമ്മുടെ രാജ്യത്ത് ജനാധിപത്യ രീതിയില്‍ ഏറ്റവും പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള ഒരു സ്ത്രീക്ക് രാഷ്ട്രപതിയാകാന്‍ അവസരം ലഭിച്ചു. ഇത് ഇന്ത്യയില്‍ മാത്രമേ സാധ്യമാകൂ. പ്രസിഡന്റ് ദ്രൗപതി മുര്‍മു ഇവിടെ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബംഗ്ലാദേശിലും പാക്കിസ്താനിലും അക്രമങ്ങള്‍ നടക്കുകയാണ്. അതേസമയം മറ്റൊരിടത്താണെങ്കില്‍ രാജ്യത്തിന്റെ പ്രസിഡന്റിന് ഓടിപ്പോകേണ്ടിവരുന്ന സാഹചര്യവും.

അയല്‍രാജ്യങ്ങളുമായി ഇന്ത്യ എന്നും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്.ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളയാളുകള്‍ക്ക് ‘ന്യൂനപക്ഷ ടാഗ്’ നല്‍കിയത് അവര്‍ക്ക് ഭയവും അരക്ഷിതാവസ്ഥയും ഉണ്ടാവാതിരിക്കാനാണ്. എന്നാല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി ഉപയോഗിച്ചിട്ടുണ്ടെന്നും ഖട്ടര്‍ വ്യക്തമാക്കി.

ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും 1947ലെ ഇന്ത്യയുടെ വിഭജനം വേദനാജനകമാണെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കൂട്ടിച്ചേർത്തു.

Related Articles

Latest Articles