Tuesday, October 6, 2026

തിരിച്ചടി ഭയന്ന് പാകിസ്ഥാൻ ! വ്യോമാതിര്‍ത്തി അടയ്ക്കും ; ദേശീയ സുരക്ഷ സമിതി യോഗം പുരോഗമിക്കുന്നു

ദില്ലി : പഹല്‍ഗാമിൽ വിനോദസഞ്ചാരികൾക്കെതിരെ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നയതന്ത്ര നടപടികളിലേക്ക് കടന്നതിന് പിന്നാലെ ദേശീയ സുരക്ഷ സമിതി യോഗം ചേര്‍ന്ന് പാകിസ്ഥാൻ. പാക് വ്യോമാതിര്‍ത്തി അടയ്ക്കുന്നതിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനും യോഗത്തിൽ തീരുമാനമായെന്നാണ് വിവരം. 2019 ൽ നടന്ന പുല്‍വാമ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെ ഭീകര താവളങ്ങളിൽ ബോംബിട്ടിരുന്നു.

അതേസമയം നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറില്‍ നിന്ന് പിന്‍മാറലുമല്ലാതെ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തിലാണ് പാകിസ്ഥാൻ . പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ സൈന്യം അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പുറമെ ഇന്ത്യയില്‍ നിന്നുള്ള വ്യോമാക്രമണം പ്രതീക്ഷിച്ച് തയ്യാറെടുപ്പുകളും നടത്തി.

നയതന്ത്ര നടപടിയായി ഇന്ത്യ സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും.

ചൊവ്വാഴ്ച പഹല്‍ഗാമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേര്‍ക്ക് ഗുരുതമായിപരിക്കേറ്റു. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പാക് ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ നിഴൽ സംഘടനയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്

Related Articles

Latest Articles