Friday, March 29, 2024
spot_img

പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാൻ തന്നെ; ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ ലഭ്യമാക്കിയതില്‍ ഉള്‍പ്പെടെ പാക്കിസ്ഥാന് പങ്ക്, കൂടുതൽ തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം

ദില്ലി : പുല്‍വാമ ഭീകരാക്രമണത്തിനു സ്ഫോടക വസ്തുക്കള്‍ ലഭ്യമാക്കിയതില്‍ ഉള്‍പ്പെടെ പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച്‌ അന്വേഷണ സംഘം. 25 കിലോ ആര്‍ഡിഎക്സ് ആണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ഇത് പാക്കിസ്ഥാനില്‍ നിന്നു കടത്തിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) അന്വേഷണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ, പാക്കിസ്ഥാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തെളിവുകള്‍ ഒന്നൊന്നായി പുറത്തു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആക്രമണത്തിൽ പാകിസ്ഥാൻ തങ്ങളുടെ പങ്ക് നിഷേധിക്കുകയും തെളിവുകൾ നിരത്താൻ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ തെളിവുകൾ കണ്ടെത്തി ലോക സമക്ഷം അവതരിപ്പിച്ച് പാകിസ്ഥാനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. സ്ഫോടകവസ്തുക്കള്‍ വാഹനത്തില്‍ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കിയതിലും പാക്കിസ്ഥാനില്‍ നിന്നെത്തിയ ഭീകരര്‍ക്കു പങ്കുണ്ട്. പല പെട്ടികളിലായാണ് ആര്‍ഡിഎക്സ് നിറച്ചത്.

ആക്രമണത്തിനുപയോഗിച്ച വാഹനത്തിന്റെ ഉടമയുടെ വിശദാംശങ്ങള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 8 വര്‍ഷം മുന്‍പ് കശ്മീരില്‍ റജിസ്റ്റര്‍ ചെയ്ത വാഹനമാണിത്. അനന്ത്നാഗ് സ്വദേശിയായ ഇയാളുടെ അറിവോടെയാണു ഭീകരര്‍ വാഹനം ഉപയോഗിച്ചത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇതേ വാഹനത്തില്‍ മുന്‍പ് കശ്മീരില്‍ പലയിടങ്ങളില്‍ സഞ്ചരിച്ചു. വാഹന നിര്‍മാതാക്കളായ മാരുതിയുടെ സഹായത്തോടെയാണ് ഉടമയുടെ വിശദാംശങ്ങള്‍ ലഭിച്ചത്. ഒളിവില്‍ പോയ വാഹനമുടമയ്ക്കായി അന്വേഷണം ശക്തമാക്കി.

Related Articles

Latest Articles