Friday, May 3, 2024
spot_img

മുഹമ്മദ് ഷമിയ്ക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാന്‍; നിർണ്ണായക തെളിവുകൾ പുറത്ത്

ദില്ലി: ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ, ക്രിക്കറ്റ് ലോകത്തെ പോലും ഞെട്ടിച്ച് ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കെതിരെ (Mohammed Shami) കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. മുഹമ്മദ് ഷമിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്രോളുകള്‍ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

എന്നാൽ ഇതിനുപിന്നിൽ പാകിസ്‌ഥാൻ (Pakistan) അജണ്ട ആണെന്നാണ് റിപ്പോർട്ട്. റിപ്പബ്ലിക് ടിവി,, ന്യൂസ് 18 എന്നിവര്‍ നടത്തിയ വിശദമായ വിശകലനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഷമിയ്ക്കെതിരെ വന്ന വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ സമൂഹമാധ്യമ അക്കൗണ്ടുകള്‍ മുഴുവന്‍ പാകിസ്ഥാന്‍കാരുടേതായിരുന്നു. മുഹമ്മദ് ഷമിയാണ് പാകിസ്ഥാനെതിരായ ഇന്ത്യൻ തോൽവിക്കു കാരണക്കാരനെന്ന പേരിലാണ് താരത്തിനെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടായത്. മത്സരത്തിൽ മറ്റു താരങ്ങളേപ്പോലെ ഷമിക്കും ശോഭിക്കാനായിരുന്നില്ല. ഇതിനു പിന്നാലെയാണ് ആക്രമണം കൂടുതൽ കനത്തതെന്നാണ് കരുതിയത്. എന്നാൽ ഇത് പാകിസ്‌ഥാൻ അജണ്ട തന്നെയാണെന്നാണ് കണ്ടെത്തൽ.

ഷമിയ്‌ക്കെതിരായ വിദ്വേഷം കലര്‍ന്ന സന്ദേശങ്ങള്‍ തുടക്കത്തില്‍ വെറും ട്രോളുകള്‍ മാത്രമായിരുന്നു. ഷമി പാകിസ്ഥാനില്‍ നിന്നാണെന്നതിനെ ഊന്നിയുള്ളതായിരുന്നു ഈ ട്രോളുകള്‍. അലിതാസ എന്ന അക്കൗണ്ടില്‍ നിന്നും 28 തവണയാണ് ഷമിയ്‌ക്കെതിരെ വിദ്വേഷ കമന്റ് ഉണ്ടായത്. ഈ അക്കൗണ്ടിനെ 15 പേരാണ് പിന്നീട് ഫോളൊ ചെയ്തത്. ഈ അക്കൗണ്ടുടമകളെല്ലാം പാകിസ്ഥാന്‍കാരായിരുന്നു. അതേസമയം ഷമിയ്‌ക്കെതിരായ വിദ്വേഷപരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രത്യാക്രമണം ഇന്ത്യയില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു. പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞത്, ഷമിയെ ട്രോളുന്ന ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ അധികവും പാകിസ്ഥാന്‍കാരുടേതാണെന്നതാണ്. ഇതില്‍ ചിലതെല്ലാം ഇത്തരം പ്രചാരണങ്ങള്‍ ആസൂത്രണമായി നടത്തുന്ന വിവിധ പരസ്യ ഏജന്‍സികളുടേതായിരുന്നു. സമൂഹമാധ്യമങ്ങളുടെ ആയുധവല്‍ക്കരണമായിരുന്നു കണ്ടത്.

അതേസമയം താരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വ്യാപകമായതോടെ, മുഹമ്മദ് ഷമിക്ക് പിന്തുണ പ്രഖ്യാപിച്ച് മുൻ താരങ്ങളും ഇപ്പോഴും ക്രിക്കറ്റിൽ സജീവമായവരും കൂട്ടത്തോ‌ടെ രംഗത്തെത്തി. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സേവാഗ്, ഇർഫാൻ പഠാൻ, യുസ്‌വേന്ദ്ര ചെഹൽ തുടങ്ങിയവരെല്ലാം ഷമിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ ലോകവും ഷമിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ചരിത്രത്തിലാദ്യമാണ് ഇന്ത്യ ലോകകപ്പ് വേദിയിൽ പാകിസ്ഥാനോട് തോറ്റത്. കേവലമൊരു തോൽവി എന്നതിനപ്പുറം, ഇന്ത്യ തോറ്റ രീതിയാണ് ആരാധകരെ വിഷമിപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തപ്പോൾ, പാകിസ്ഥാൻ 13 പന്തു ബാക്കിനിൽക്കെ ഒരു വിക്കറ്റ് പോലും നഷ്ടമാക്കാതെയാണ് ലക്ഷ്യം കണ്ടത്.

Related Articles

Latest Articles