Tuesday, April 23, 2024
spot_img

മലയാളികളുടെ സ്വന്തം ജനപ്രിയ നായകന് ഇന്ന് 54 ആം പിറന്നാൾ; ആശംസകൾ നേർന്ന് ആരാധകരും സുഹൃത്തുക്കളും

ജനപ്രിയ നായകന് ഇന്ന് 54 ആം പിറന്നാൾ. ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനാണ് ദിലീപ്. എല്ലാ വ‍ർഷത്തേയും പോലെ ഇക്കുറി പിറന്നാള്‍ ആഘോഷമാക്കാനിരിക്കുകയായിരുന്നു ആരാധകരെങ്കിലും കോവിഡ് ഭീതിയിൽ ഇക്കുറിയും ആഘോഷങ്ങൾ ചുരുക്കിയിരിക്കുകയാണ്. എങ്കിലും ഓൺലൈനിൽ ആഘോഷം പൊടിപൊടിക്കുകയാണ്. നിരവധി താരങ്ങളും ആരാധകരും ഇതിനോടകം തന്നെ താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.

സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്. പിന്നീട് ചില സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയിൽ മുഖം കാണിച്ചു. ഒടുവിൽ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി മാറി. നടനാവുക എന്ന സ്വപ്‌നവും ഉള്ളില്‍ പേറി സിനിമാ ലോകത്തിന്റെ പടി കയറിയ ദിലീപിനെ കാത്തിരുന്നത് സംഭവബഹുലമായ ജീവിതമായിരുന്നു.

1967 ഒക്ടോബര്‍ 27 നാണ് ആലുവ സ്വദേശി പത്മനാഭന്‍ പിള്ളയുടേയും സരോജത്തിൻ്റേയും മൂത്ത മകനായി ഗോപാലകൃഷ്ണന്‍റെ ജനനം. സിനിമയിലെത്തിയതോടെ പേര് ദിലീപ് എന്നാക്കുകയായിരുന്നു. എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ശേഷം സൈന്യം, മാനത്തെക്കൊട്ടാരം തുടങ്ങിയ സിനിമകളിലൂടെ ചെറിയ വേഷങ്ങൾ ചെയ്തു. കല്യാണസൗഗന്ധികം എന്ന സിനിമയിലാണ് ആദ്യമായി നായകനായത്. 98-ലാണ് നടി മഞ്ജു വാര്യരെ വിവാഹം ചെയ്തത്. 2015ൽ ഇവർ വിവാഹമോചിതരായി. മീനാക്ഷിയാണ് ഇവരുടെ മകള്‍. 2016ൽ നടി കാവ്യ മാധവനെ ദിലീപ് വിവാഹം ചെയ്തു. മഹാലക്ഷ്മിയാണ് ഇവരുടെ മകള്‍.

ഗോപാല കൃഷ്ണനിൽ നിന്നും ജനപ്രിയ നായകൻ എന്ന തലത്തിലേക്കുള്ള വളർച്ച

കണ്ണടച്ചു തുറക്കും മുമ്പായിരുന്നു ഗോപാലകൃഷ്ണന്‍ മലയാളത്തിന്റെ സൂപ്പര്‍താരം ദിലീപായി വളര്‍ന്നത്. കലാഭവന്റെ മിമിക്രിവേദികളില്‍ നിന്ന് അയാള്‍ സഹസംവിധായകനും, സഹനടനും, നായകനും നിര്‍മ്മാതാവും പിന്നീട് സിനിമകളുടെ റിലീസിങ് വരെ തീരുമാനിക്കുന്ന ഉയരങ്ങളിലേക്കും പറന്നു.കമലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ ദിലീപ് തനിക്കു കിട്ടുന്ന കൊച്ചുകൊച്ചു വേഷങ്ങളിലൂടെ കഴിവ് തെളിയിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. 1992ല്‍ കമല്‍ തന്നെ സംവിധാനം ചെയ്ത ‘എന്നോടിഷ്ടം കൂടാമോ’ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു. സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപമാണ് ദിലീപിന്റെ കരിയറിലെ വഴിത്തിരിവായത്.
സല്ലാപത്തില്‍ നായികയായെത്തിയ മഞ്ജുവാര്യര്‍ പിന്നീട് ദിലീപിന്റെ ജീവിതത്തിലെയും നായികയായി. പിന്നീട് തുടരെത്തുടരെ സൂപ്പര്‍ഹിറ്റുകളുമായി വെള്ളിത്തിരയില്‍ കുതിച്ചുയര്‍ന്ന ദിലീപിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കോമഡിയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ജനപ്രിയ നടനും അവിടെ നിന്നും സൂപ്പര്‍താര സിംഹാസനവും ദിലീപ് കൈയ്യടക്കി. സിനിമാ മേഖലയില്‍ തനിക്കെതിരെ നിലപാടെടുത്ത സംവിധായകന്‍ വിനയനെയും അദ്ദേഹം നയിച്ചിരുന്ന മാക്ട (മലയാളം സിനിമ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍) എന്ന സംഘടനയേയും നിഷ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌പ്രഭമാക്കിയതിലൂടെ ദിലീപ് മലയാള സിനിമയെ തന്റെ കൈപ്പിടിയിലൊതുക്കി. 2016 അവസാനത്തോടെ തിയേറ്റര്‍ ഉടമകളുടെ സമരം പൊളിക്കുകയും ബദല്‍ സംഘടന ആരംഭിക്കുകയും ചെയ്തതോടെ ദിലീപ് മലയാള സിനിമയിലെ ശക്തമായ സ്വാധീനമായി മാറി.

സിഐഡി മൂസ, ഗ്രാമഫോണ്‍, തിളക്കം, പെരുമഴക്കാലം, കഥാവശേഷന്‍, വെട്ടം, റണ്‍വേ, ചാന്തുപൊട്ട്, പാണ്ടിപ്പട, കൊച്ചിരാജാവ്, ലയണ്‍, വിനോദയാത്ര, ക്രേസി ഗോപാലന്‍, ട്വന്റി 20, സ്വ.ലേ, പാസഞ്ചര്‍, ബോഡിഗാര്‍ഡ്, പാപ്പി അപ്പച്ചാ, കാര്യസ്ഥന്‍ മേരിക്കുണ്ടൊരു കുഞ്ഞാട്, മൈ ബോസ്, 2 കണ്‍ട്രീസ്, രാമലീല തുടങ്ങിയവയാണ് ദിലീപിന്റെ ശ്രദ്ധേയ സിനിമകള്‍.

Related Articles

Latest Articles