Sunday, May 19, 2024
spot_img

പാക്ക് വംശജൻ ഓസിസ് ബാറ്റർ ഉസ്മാൻ ഖവാജയ്ക്ക് ‘വിസാ കുരുക്ക്’;ടീമിനൊപ്പം ഇന്ത്യയിലേക്ക് പുറപ്പെടാനായില്ല;വ്യാഴാഴ്ചയോടെ ഇന്ത്യയിലെത്താനായേക്കും

സിഡ്നി : ഇന്ത്യൻ വിസ ലഭിക്കാൻ കാലതാമസം നേരിട്ടതോടെ ഇന്ത്യൻ പര്യടനത്തിനായി പുറപ്പെട്ട ടീമിനൊപ്പം ചേരാൻ ഓസീസ് ടീമിലെ പാക്ക് വംശജൻ ബാറ്റർ ഉസ്മാൻ ഖവാജയ്ക്ക് സാധിച്ചില്ല. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇന്ത്യൻ പര്യടനത്തിനായി പുറപ്പെട്ട ഓസിസ് സംഘങ്ങൾക്കൊപ്പം ചേരാനാകാതെ സിഡ്‌നിയിൽ തുടരുകയാണ് താരം . വിസ ലഭ്യമാകുന്ന മുറയ്ക്ക് താരം ഇന്ത്യയിലേക്ക് എത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്.

നാഗ്പുരിൽ ഈ മാസം ഒൻപതിനാണു ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. വ്യാഴാഴ്ചയോടെ ഖവാജയ്ക്ക് ഇന്ത്യയിലെത്താനാകുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതീക്ഷ.

ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ സ്ഥിരതയോടെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന താരമാണ് ഖവാജ. 2022ലെ ഏറ്റവും മികച്ച ഓസീസ് ടെസ്റ്റ് താരത്തിനുള്ള പുരസ്കാരം ഖവാജ നേടിയതിനു പിന്നാലെ കഴിഞ്ഞ വർഷത്തെ ഐസിസി ടെസ്റ്റ് ടീമിൽ ഇടം പിടിക്കാനും ഖവാജയ്ക്കായി.

2011ൽ ട്വന്റി20 ചാംപ്യൻസ് ലീഗിനായി ഇന്ത്യയിലെത്താനായി അപേക്ഷ നൽകിയപ്പോഴും ഖവാജയ്ക്ക് വിസ ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. പിന്നീട് പ്രത്യേക ഇടപെടലിലൂടെയാണ് താരത്തിന് വീസ ലഭിച്ചത്.

Related Articles

Latest Articles