Thursday, May 9, 2024
spot_img

ബിസിസിഐ വാർഷിക കരാർ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു; സ‍ഞ്ജു പട്ടികയിൽ ഇടം നേടിയേക്കും;എ പ്ലസ് ഗ്രേഡിൽ പ്രതിഫലം 10 കോടിയാക്കി ഉയർത്തിയേക്കും

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാറിൽ ഇത്തവണ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചേക്കും. സഞ്ജു സാംസണൊപ്പം ഇഷാൻ കിഷനും ഉമ്രാൻ മാലിക്കും ഇത്തവണ വാർഷിക കരാറിൽ ഇടം നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ട്വന്റി20 ടീമിന്റെ നായകനായി തിളങ്ങുന്ന ഹാർദിക് പാണ്ഡ്യ, ട്വന്റി20 ഫോർമാറ്റിൽ കത്തിക്കയറിയ സൂര്യകുമാർ യാദവ്, ഇരട്ട സെഞ്ചുറിയുമായി ഏകദിനത്തിലെ പുതിയ സെൻസേഷനായി മാറിയ ശുഭ്മാൻ ഗിൽ എന്നിവർക്ക് ഇത്തവണ കരാറിൽ വൻ മുന്നേറ്റമുണ്ടാകും.

നിലവിൽ എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു കാറ്റഗറികളിലായാണ് ബിസിസിഐ താരങ്ങളെ വാർഷിക കരാറിൽ ഉൾപ്പെടുത്തുന്നത്. ഏറ്റവും ഉയർന്ന എ പ്ലസ് ഗ്രേഡിലുള്ള താരങ്ങളുടെ വാർഷിക പ്രതിഫലം ഏഴു കോടി രൂപയാണ്. ഇത് 10 കോടിയാക്കി ഉയർത്തുന്നത് പരിഗണനയിലാണ്. നിലവിൽ അഞ്ച് കോടി പ്രതിഫലമുള്ള എ ഗ്രേഡിലുള്ളവർക്ക് അഞ്ച് കോടിയെന്നത് ഏഴു കോടിയായും ബി ഗ്രേഡിലെ മൂന്നു കോടി അഞ്ച് കോടിയായും സി ഗ്രേഡിലെ ഒരു കോടി മൂന്നു കോടിയായും ഉയർത്തുന്നതും പരിഗണനയിലാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ടീമിൽനിന്ന് പുറത്തായ അജിൻ‌ക്യ രഹാനെ, ഇഷാന്ത് ശർമ, മയാങ്ക് അഗർവാൾ, വൃദ്ധിമാൻ സാഹ, ശിഖർ ധവാൻ തുടങ്ങിയ മുതിർന്ന താരങ്ങൾ വാർഷിക കരാറിൽ നിന്ന് പുറത്തായേക്കാം.

ഇന്ത്യൻ താരങ്ങളുടെ നിലവിലെ കരാറുകൾ ഇങ്ങനെ:

∙ ഗ്രേഡ് എ പ്ലസ്: 7 കോടി രൂപ
വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര

∙ ഗ്രേഡ് എ: 5 കോടി രൂപ

രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, കെ.എൽ.രാഹുൽ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്

∙ ഗ്രേഡ് ബി: 3 കോടി രൂപ

ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, അക്ഷർ പട്ടേൽ, ഷാർദുൽ ഠാക്കൂർ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ

∙ ഗ്രേഡ് സി: ഒരു കോടി രൂപ

ശിഖർ ധവാൻ, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, ശുഭ്മൻ ഗിൽ, ഹനുമ വിഹാരി, യുസ്‌വേന്ദ്ര ചെഹൽ, സൂര്യകുമാർ യാദവ്, വ‍ൃദ്ധിമാൻ സാഹ, മയാങ്ക് അഗർവാൾ, ദീപക് ചാഹർ

Related Articles

Latest Articles