Sunday, May 5, 2024
spot_img

ഇന്ത്യൻ സൈന്യത്തെയും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപങ്ങളെയും ലക്ഷ്യം വച്ച് പാക് ഹാക്കർമാർ;ഹാക്കിങ് ശ്രമങ്ങൾ, നിയമാനുസൃത രേഖയെന്ന തോന്നലുണ്ടാക്കുന്ന ഫയൽ ഉപയോഗിച്ച്

ഇന്ത്യൻ സൈന്യത്തിനും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കുമെതിരെ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാക്കർമാരുടെ സംഘത്തിൽ നിന്നും സൈബർ ആക്രമണ ശ്രമമുണ്ടായതായി ഇന്ത്യൻ സുരക്ഷാ ഗവേഷകർ വ്യക്തമാക്കി.

പൂനെ ആസ്ഥാനമായുള്ള ക്വിക്ക് ഹീൽ ടെക്‌നോളജീസിന്റെ എന്റർപ്രൈസ് വിഭാഗമായ സെക്‌റൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, 2013-ൽ പാകിസ്ഥാനിൽ ഉടലെടുത്ത ‘ട്രാൻസ്പരന്റ് ട്രൈബ്’ ഇന്ത്യൻ സർക്കാരിനെയും സൈനിക സ്ഥാപനങ്ങളെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഒരു നിയമാനുസൃത രേഖയെന്ന തോന്നലുണ്ടാക്കുന്ന വിധത്തിലുള്ള “റിവിഷൻ ഓഫ് ഓഫീസേർസ് പോസ്‌റ്റിംഗ് പോളിസി” എന്ന പേരിലുള്ള ഫയൽ ഉപയോഗിച്ചാണ് ഇന്ത്യൻ സൈന്യത്തിന് നേരെയുള്ള സൈബർ ആക്രമണ ശ്രമങ്ങൾ സംഘം നടത്തിയത്.

2022 മെയ് മുതൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി), ബിസിനസ് സ്‌കൂളുകൾ തുടങ്ങിയ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറുന്നതിനും ട്രാൻസ്പരന്റ് ട്രൈബ് ശ്രമങ്ങൾ നടത്തി. 2023 ന്റെ ആദ്യ മാസങ്ങളിൽ ശ്രമങ്ങൾ അതി രൂക്ഷമായി.

സൈഡ്‌കോപ്പി എന്നറിയപ്പെടുന്ന ട്രാൻസ്പരന്റ് ട്രൈബ് ഗ്രൂപ്പിന്റെ ഉപവിഭാഗവും ഇന്ത്യൻ പ്രതിരോധ ഓർഗനൈസേഷനെ ലക്ഷ്യം വച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്..

വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള ഇമെയിൽ അറ്റാച്ച്‌മെന്റുകൾ തുറക്കുമ്പോഴോ ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോഴോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാ സോഫ്‌റ്റ്‌വെയർ, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ആപ്ലിക്കേഷനുകൾ എന്നിവ പതിവായി അപ്‌ഡേറ്റ് ചെയ്യണമെന്നും ഹാക്കിങ് ലക്ഷ്യമായ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും ശക്തമായ ഇമെയിൽ ഫിൽട്ടറിംഗും വെബ് സുരക്ഷാ സംവിധാനങ്ങളും നടപ്പിലാക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Latest Articles