Friday, May 17, 2024
spot_img

പാല് കൊടുത്ത കൈയ്ക്ക് തന്നെ തിരിഞ്ഞു കൊത്തി! വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്‌ഗെനി പ്രിഗോസിന് കടുത്ത മുന്നറിയിപ്പുമായി വ്‌ളാഡിമിര്‍ പുട്ടിന്‍

മോസ്‌കോ : റഷ്യയ്ക്കെതിരെ തിരിഞ്ഞ വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്‌ഗെനി പ്രിഗോസിന് കടുത്ത മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ രംഗത്ത് വന്നു. അതിമോഹം കൊണ്ടു ചിലര്‍ രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നതെന്നും കലാപനീക്കം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പുട്ടിന്‍ പറഞ്ഞു. റഷ്യൻ സൈന്യത്തിനെതിരെ ആയുധമെടുക്കുന്ന എല്ലാവരെയും രാജ്യദ്രോഹികളായി കണക്കാക്കുമെന്നും റോസ്‌തോവിലെ സ്ഥിതി വിഷമകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നില്‍നിന്നുള്ള കുത്ത് എന്നാണ് വാഗ്നർ ഗ്രൂപ്പിന്റെ കൂട് മാറ്റത്തെ പുട്ടിന്‍ വിശേഷിപ്പിച്ചത്.

“അതിമോഹവും സ്വാര്‍ഥതാല്‍പര്യവുമാണ് ചിലരെ രാജ്യദ്രോഹത്തിനു പ്രേരിപ്പിച്ചിരിക്കുന്നത്. റഷ്യക്കും അവിടുത്തെ ജനങ്ങള്‍ക്കും ഇതുവലിയ അടിയാണ്. മാതൃ രാജ്യത്തിനെതിരായ ഭീഷണി നേരിടാനുള്ള നടപടികള്‍ കര്‍ക്കശമായിരിക്കും ” – പുട്ടിന്‍ പറഞ്ഞു.

തന്റെ ഉറ്റമിത്രവും ബെലാറുസ് പ്രസിഡന്റുമായ അലക്‌സാണ്ടര്‍ ലുകാഷെന്‍കോയുമായും പുട്ടിന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവിൽ തലസ്ഥാന നഗരമായ മോസ്‌കോ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ക്ക് അതിശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ വാഗ്നര്‍ ഓഫിസുകളില്‍ അധികൃതര്‍ റെയ്ഡ് നടത്തി. യുക്രെയ്‌നില്‍ റഷ്യക്കു വേണ്ടി പൊരുതിയിരുന്ന സ്വകാര്യ സായുധ ഗ്രൂപ്പായ വാഗ്നര്‍ ഗ്രൂപ്പ് പെട്ടെന്നാണ് ദക്ഷിണ റഷ്യയിലെ റോസ്‌തോവ് മേഖലയിലേക്കു കടന്ന് സൈനിക കേന്ദ്രത്തിന്റെ ഉള്‍പ്പെടെ നിയന്ത്രണം അനധികൃതമായി ഏറ്റെടുത്തത്. യുദ്ധത്തിൽ ഏറെ തന്ത്രപരമെന്ന് വിശേഷിക്കപ്പെടുന്ന ഈ സൈനിക താവളത്തിന്റെ നിയന്ത്രണം ഇന്ന് രാവിലെയാണ് വാഗ്നർ ഗ്രൂപ്പ് ഏറ്റെടുത്തത്. തങ്ങളുടെ വഴിയില്‍ തടസമാകുന്നതെന്തും തകര്‍ക്കുമെന്നും മരണ ഭയമില്ലാതെയാണ് മുന്നോട്ടു പോകുന്നതെന്നും വാഗ്നർ ഗ്രൂപ്പ് തലവൻ പ്രെഗോസിന്‍ വ്യക്തമാക്കി. നിലവിൽ ഇരുപത്തി അയ്യായിരത്തിലധികമാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ അംഗ സംഖ്യ.

Related Articles

Latest Articles