Tuesday, May 21, 2024
spot_img

പബ്ജി വഴി സൗഹൃദത്തിലായ പാക് യുവതി സീമ ഹൈദറും പങ്കാളി സച്ചിനും 3 കോടിവീതം നഷ്ടപരിഹാരം നൽകണം; നോട്ടീസയച്ച് ആദ്യഭർത്താവ്; മക്കളെ തിരികെ പാകിസ്ഥാനിൽ എത്തിക്കാൻ ഇന്ത്യൻ അഭിഭാഷകനെ നിയമിച്ചു

ദില്ലി: പബ്ജി വഴി സൗഹൃദത്തിലായ യുവാവുമൊത്ത് ജീവിക്കാന്‍ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ യുവതിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യ ഭർത്താവ്. നാല് കുട്ടികളുമൊത്ത് ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദ(27)റും ഇവരുടെ ഇപ്പോഴത്തെ ഭർത്താവായ യുപി സ്വദേശി സച്ചിൻ മീണ (22) യും
ഒരുമാസത്തിനകം മൂന്ന് കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആദ്യ ഭർത്താവായ ഗുലാം ഹൈദർ ആയച്ച നോട്ടീസിൽ പറയുന്നത്. മക്കളെ തിരികെ പാകിസ്ഥാനിൽ എത്തിക്കാൻ ഇന്ത്യൻ അഭിഭാഷകനെ അദ്ദേഹം നിയമിച്ചിട്ടുണ്ട്. കുട്ടികളെ തിരികെ എത്തിക്കാൻ പാകിസ്ഥാനിലെ മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ അൻസാർ ബർണി ഹൈദറിനെ നേരത്തെ സമീപിച്ചിരുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

2020-ലാണ് പബ്ജിവഴി സീമയും സച്ചിനും പരിചയത്തിലായത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഫോൺനമ്പർ കൈമാറി വാട്‌സാപ്പിൽ ബന്ധമാരംഭിച്ചു. വിവാഹിതയും നാലുമക്കളുടെ അമ്മയുമായ യുവതി 15 ദിവസത്തെ സന്ദർശകവിസയിലാണ് പാകിസ്ഥാനിൽ നിന്നും പോന്നത്. മാർച്ചിൽ ഇരുവരും നേപ്പാളിലെ കാഠ്മണ്ഡുവിൽ കണ്ടുമുട്ടുകയും ഹോട്ടലിൽ തങ്ങുകയും ചെയ്തിരുന്നു. പിന്നീട് മേയിൽ മക്കൾക്കൊപ്പം സീമ വീണ്ടും നേപ്പാളിലെത്തി. തുടർന്ന് ഇന്ത്യയിലേക്കും കടന്നു.

അതേസമയം, യുവതി ചാര ഏജന്റാണോയെന്ന് ഉത്തർപ്രദേശ് ഭീകരവിരുദ്ധസ്ക്വാഡ് അന്വേഷിച്ചിരുന്നു. സച്ചിനെയും സീമയെയും എ.ടി.എസ്. ഓഫീസില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളമാണ് ചോദ്യംചെയ്തത്. പബ്ജി ഗെയിമില്‍ സജീവമായിരുന്ന സീമ ഇന്ത്യയില്‍നിന്നുള്ള മറ്റു യുവാക്കളുമായും ഗെയിമിലൂടെ ബന്ധപ്പെട്ടിരുന്നതായാണ് എ.ടി.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തത്. സീമയ്ക്ക് അഭയം നൽകിയ കാമുകൻ സച്ചിൻ മീണ, ഇയാളുടെ അച്ഛൻ നേത്രപാൽ സിങ് (51) എന്നിവരെയും അറസ്റ്റുചെയ്തിരുന്നു. എല്ലാവരെയും പിന്നീട് കോടതി ജാമ്യത്തിൽ വിട്ടയച്ചു.

Related Articles

Latest Articles