Friday, May 17, 2024
spot_img

പമ്പാ ഡാം ഇന്ന് വൈകിട്ട് മൂന്നിന് തുറക്കും; ജാഗ്രതാനിർദേശം; സെക്കൻഡിൽ 25,000 ഘന അടി ജലമാണ് പുറന്തള്ളുക

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ പമ്പാ ഡാം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തുറക്കും. ആദ്യ ഘട്ടത്തില്‍ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തുക. സെക്കന്‍ഡില്‍ 25,000 ഘന അടി ജലമാണ് പുറന്തള്ളുക. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ പമ്പയിൽ ജലനിരപ്പ് 10 സെ.മി കൂടി ഉയരും.

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി. കാലാവസ്ഥ അനുകൂലമായതോടെയാണ് നടപടി. കനത്ത മഴയിൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതും കക്കി ആനത്തോട് ഡാം തുറന്നതും കണക്കിലെടുത്താണ് ഇന്നലെ ദർശനം നിയന്ത്രിച്ചത്.

കനത്ത മഴയെ തുടര്‍ന്ന് പമ്പാ ത്രിവേണി കരകവിഞ്ഞിരുന്നു. ഇതോടെ തീര്‍ത്ഥാടനത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ഭക്തര്‍ക്ക് നിലയ്ക്കലും പത്തനംതിട്ടയിലും തങ്ങാന്‍ സൗകര്യവും ഒരുക്കിയിരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പമ്പാ നദിയുടെയും കക്കാട്ടാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.

അതേസമയം, സംസ്ഥാനത്ത് ഇന്നും മഴ തുടരും. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണം.

Related Articles

Latest Articles