മുംബൈ: ഭാരതീയരെ സംബന്ധിച്ചിടത്തോളം വിശേഷദിനമായിരുന്നു ജനുവരി 22. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പുനർനിർമ്മാണം പൂർത്തിയാക്കി പ്രാണപ്രതിഷ്ഠ നടന്ന ദിവസം. തങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന പൊന്നോമനകൾ ആ പുണ്യദിനത്തിൽ പിറക്കണം എന്ന് മാതാപിതാക്കൾ ആഗ്രഹിക്കുക സ്വാഭാവികം. അത്തരത്തിൽ രാജ്യത്ത് നൂറുകണക്കിന് പ്രസവ ശസ്ത്രക്രിയകൾ നടന്നതായാണ് റിപ്പോർട്ട്. മുഹൂർത്തം നോക്കി പുറത്തെടുത്ത കുഞ്ഞുങ്ങളിൽ ഏറെപേർക്കും ലഭിച്ചത് രാമൻ സീത എന്നീ പേരുകളാണ്.
ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ ആശുപത്രിയിൽ പിറന്ന ഒരു കുഞ്ഞിന് മുത്തശ്ശി ഹസ്‌നാ ബാനു നൽകിയത് റാം റഹിം എന്ന പേരാണ്. ഫർസാന എന്ന മുസ്ലിം യുവതിയാണ് റാം റഹിമിന് ഇന്നലെ ജന്മം നൽകിയത്. കർണ്ണാടകയിലെ വിജയപുരയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ അൻപതിലേറെ മാതാപിതാക്കളാണ് പ്രസവം 22 ന് വേണം എന്നാവശ്യപ്പെട്ടത്. വിവിധ പരിശോധനകൾക്ക് ശേഷം അനുമതി ലഭിച്ചത് 20 പേർക്ക് മാത്രമായിരുന്നു. മദ്ധ്യപ്രദേശിൽ 47 പേർ പ്രസവം ഇന്നലത്തേയ്ക്ക് മാറ്റിയെന്നാണ് കണക്കുകൾ. ജനങ്ങളുടെ ജീവിതത്തിന്റെ അഭിഭാജ്യ ഘടകമായി മാറുകയാണ് അയോദ്ധ്യ ശ്രീരാമ ക്ഷേത്രം

