Tuesday, May 14, 2024
spot_img

“മക്കളെ ഗുണപരമായി നയിക്കാൻ കഴിയാത്ത മാതാ പിതാക്കൾ ശരിയായ മാതാ പിതാക്കളല്ല, ശിഷ്യനെ മുക്തിയിലേക്കു നയിക്കാൻ കഴിയാത്തവൻ ഗുരുവുമല്ല”:അയ്യപ്പ മഹാ സത്ര വേദിയിൽ കെ ഉണ്ണികൃഷ്ണൻ നമ്പൂതിരി

റാന്നി: ശിഷ്യനെ മുക്തിയിലേക്കു നയിക്കാൻ കഴിയാത്തവൻ ഗുരുവല്ലെന്നും മക്കളെ ഗുണപരമായി നയിക്കാൻ കഴിയാത്ത മാതാപിതാക്കൾ ശരിയായ മാതാ പിതാക്കളല്ലെന്നും ഡോക്ടർ പൈതൃകരത്നം കെ ഉണ്ണികൃഷ്ണൻ നമ്പൂതിരി. റാന്നി അയ്യപ്പ മഹാ സത്ര വേദിയിൽ ഭക്തി ആത്മശുദ്ധീകരണത്തിന് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭക്തിയെന്നാൽ സേവനം എന്നാണർത്ഥം. ക്ഷേത്രങ്ങളും ഭക്തി സമ്പ്രദായങ്ങളും സേവന കേന്ദ്രങ്ങളാകുന്നതാണ് ഹൈന്ദവ സംസ്കാരം. പൂജയും ചടങ്ങുകളും മാത്രമായി ക്ഷേത്ര സംവിധാനങ്ങൾ മാറരുത്. ഭക്തിയിൽ വ്രതം പ്രധാനമാണ്. വ്രതത്തിലൂടെയേ നാവിനെ ജയിക്കാൻ കഴിയൂ. നാവിനെ ജയിച്ചാൽ തന്നെ പാതി മുക്തിയാകും. ആഹാര നിയന്ത്രണം ഭക്തിയിൽ ഒഴിച്ചുകൂടാനാകാത്തതാണ്.

ക്ഷേത്രങ്ങൾക്ക് കുറവില്ല. ക്ഷേത്രാചാരങ്ങൾ ആരംഭിച്ചതുമുതൽ ക്ഷേത്രങ്ങൾ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ഒരെണ്ണം നശിപ്പിച്ചിട്ടുണ്ടെങ്കിൽ നൂറെണ്ണം ആ സ്ഥാനത്തു വന്നിട്ടുണ്ട്. ഭക്തന്മാർക്കും കുറവില്ല. ഭക്തി കാര്യങ്ങൾക്കായി സമ്പത്തിനും കുറവില്ല, നിരീശ്വരവാദികളും ഭക്തരാണ്. ഒളിഞ്ഞും തെളിഞ്ഞും അവർ ക്ഷേത്രങ്ങളിൽ എത്താറുമുണ്ട്. പക്ഷെ ഇല്ലാത്തത് അറിവാണ്. അറിവ് പകർന്നു കൊടുക്കുന്നതിനാണ് സത്രം. സത്രങ്ങളിൽ നിന്ന് കിട്ടുന്നത് പരിപൂർണ്ണ അറിവാണ്. പക്ഷെ അത് ഗ്രഹിക്കാൻ തയ്യാറാകണം. സത്രം സംഘടിപ്പിക്കുന്നത് ചെറിയ കാര്യമല്ല. സംഘാടകർ ശ്രോതാക്കളെയും വക്താക്കളെയും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആലങ്ങാട് സംഘം സെക്രട്ടറി രാജേഷ് കുറുപ്പ്, സംഘാടക സമിതി പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ കൺവീനർ അജിത് കുമാർ, മോഹന ചന്ദ്രൻ കാട്ടൂർ, മനോജ് കോഴഞ്ചേരി, തുടങ്ങിയവർ സത്ര വേദിയിൽ സംസാരിച്ചു.

Related Articles

Latest Articles