Saturday, May 4, 2024
spot_img

“സമൂഹത്തിന്റെ തെറ്റായ പലപ്രവണതകളും പാര്‍ട്ടി കേഡര്‍മാരിലും വരും
തെറ്റായ പ്രവണതകള്‍ക്ക് എതിരായ ഉള്‍പ്പാര്‍ട്ടി സമരം സ്വാഭാവികമായും നടക്കും”
പ്രതികരണവുമായി സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജന്‍

കണ്ണൂര്‍: എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജന്‍ രംഗത്തുവന്നു. കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി. ജയരാജന്‍ അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി ഇതുവരെ തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. നാട്ടില്‍ പലയിടങ്ങളിലും പലപദ്ധതികളും നടക്കുന്നുണ്ടാവും. അതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ താന്‍ എന്താണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങൾ പറയുന്ന ആ പ്രദേശത്ത് താന്‍ പോയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സമൂഹത്തിന്റെ തെറ്റായ പലപ്രവണതകളും പാര്‍ട്ടി കേഡര്‍മാരിലും വരുമെന്നും വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രവണതകള്‍ക്ക് എതിരായ ഉള്‍പ്പാര്‍ട്ടി സമരം സ്വാഭാവികമായും നടക്കും. പാര്‍ട്ടി യോഗത്തില്‍ എത്രയോ ആളുകള്‍ സംസാരിച്ചിട്ടുണ്ട്. അത് മാധ്യമങ്ങളുമായി പങ്കുവയ്ക്കാനാകില്ല. പാര്‍ട്ടിയെടുത്ത തീരുമാനമാണ് മാധ്യമങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്നത്. അത് പാര്‍ട്ടി സെക്രട്ടറി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും പി ജയരാജന്‍ വ്യക്തമാക്കി.

സമൂഹത്തിലെ ജീര്‍ണ്ണത സി.പി.എമ്മിനകത്തും പ്രതിഫലിക്കും അത്തരം തെറ്റായപ്രവണതകള്‍ക്കതെരിയുള്ള സമരം പാര്‍ട്ടിക്ക് അകത്ത് നടത്തണം എന്നാണ് തെറ്റുതിരുത്തല്‍ രേഖയുടെ സാരാംശം. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയങ്ങോട്ട് കേരളത്തിലെ പാര്‍ട്ടിയില്‍ നടത്തും. പാര്‍ട്ടി വലതുപക്ഷ വ്യതിയാനത്തിലേക്ക് പോകുന്നു എന്ന യാതൊരു ചര്‍ച്ചയും നിഗമനവും പാര്‍ട്ടി സംസ്ഥാന യോഗത്തില്‍ ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ബഹുജനാഭിപ്രായം രൂപീകരിക്കണം, പാര്‍ട്ടിയുടെ വിപ്ലവകരമായ ആത്മശുദ്ധിനിലനിര്‍ത്തക്ക രീതിയിലുള്ള നല്ലനിലയിലുള്ള ഇടപെടല്‍ പാര്‍ട്ടി ബ്രാഞ്ച് മുതല്‍ എല്ലാഘടകങ്ങളും നടത്തണം എന്ന അടിസ്ഥാനത്തിലുള്ള തെറ്റുതിരുത്തല്‍ രേഖയാണ് പാര്‍ട്ടി അംഗീകരിച്ചത്. അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles