ഇറാന്റെ ആണവകേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ ബോംബാക്രമണത്തിന് ബങ്കര്‍ ബസ്റ്റര്‍ ബോംബുകൾക്കൊപ്പം അമേരിക്ക ഉപയോഗിച്ചത് ടൊമഹോക്ക് ക്രൂയിസ് മിസൈലുകളെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന ലോങ് റേഞ്ച്, സബ്‌സോണിക് ക്രൂയിസ് മിസൈലുകളാണിവ. കപ്പലുകളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും പ്രയോഗിക്കാൻ സാധിക്കുന്ന ഇവ താഴ്ന്നു പറന്ന് സങ്കീര്‍ണമായ ഭൂപ്രദേശങ്ങളില്‍ കടന്നുകയറി ശത്രുക്കളുടെ വ്യോമപ്രതിരോധത്തെ തകര്‍ക്കുന്നവയാണ്.പാതിവഴിയില്‍ വെച്ച് സഞ്ചാരപാതയും ലക്ഷ്യസ്ഥാനങ്ങളും മാറ്റാനും പദ്ധതി ഉപേക്ഷിക്കാനും സാധിക്കുന്ന സംവിധാനങ്ങളും മിസൈലിലുണ്ട് എന്നതും പ്രത്യേകതയാണ്.
1970-കളില്‍ ശീതയുദ്ധകാലഘട്ടത്തിലാണ് ഈ മിസൈലുകള്‍ ആദ്യമായി ഉപയോഗിക്കുന്നത്. ഏകദേശം 5.6 മീറ്റര്‍ നീളവും 1600 കിലോഗ്രാം ഭാരവുമുണ്ടാകും. മണിക്കൂറില്‍ 880 കിലോമീറ്റര്‍ വേഗതയില്‍ മിസൈലുകള്‍ക്ക് സഞ്ചരിക്കാനാകും. 1600 കിലോമീറ്റര്‍ ദൂരമാണ് ആക്രമണപരിധി.
ലക്ഷ്യസ്ഥാനത്തെത്താന്‍ സ്മാര്‍ട്ട് നാവിഗേഷന്‍ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മിസൈലിന്റെ പ്രവര്‍ത്തനം. ജിപിഎസ്, ഇന്റീരിയല്‍ നാവിഗേഷന്‍ സിസ്റ്റം(ഐഎന്‍എസ്) സംവിധാനങ്ങളെയാണ് ടോമഹോക്ക് മിസൈലുകള്‍ ആശ്രയിക്കുന്നത്. നൂതന ടെര്‍കോം സംവിധാനങ്ങളും മിസൈലുകള്‍ ഉപയോഗിക്കുന്നു.

