Thursday, December 18, 2025

കൂനിന്മേൽ കുരുവെന്ന കണക്കെ വിവാദങ്ങളുടെ ഘോഷയാത്ര! എസ്എഫ്ഐ യെ നിയന്ത്രിക്കാനൊരുങ്ങി പാർട്ടി ; ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകി

തിരുവനന്തപുരം : ഒന്ന് കഴിയുന്നതിന് മുന്നേ മറ്റൊന്ന് എന്ന കണക്കിൽ വിവാദങ്ങൾ സൃഷ്ടിച്ച് എസ്എഫ്ഐ നേതൃത്വം തുടർച്ചയായി സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിൽ സംഘടനയിൽ ശക്തമായി ഇടപെടാൻ സിപിഎം തീരുമാനിച്ചു . സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ, എസ്എഫ്ഐയെ ശക്തമായി നിയന്ത്രിക്കാൻ ജില്ലാ കമ്മിറ്റികൾക്ക് പാർട്ടി നിർദേശം നൽകി കഴിഞ്ഞു. എസ്എഫ്ഐ നേതൃത്വത്തിൽ വമ്പൻ അഴിച്ചുപണിക്കും സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

എസ്എഫ്ഐയിൽ പ്രാദേശിക തലത്തിൽ നടക്കുന്ന സംഭവങ്ങളിൽ പാർട്ടി യഥാസമയം ഇടപെടൽ നടത്തണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെടുന്നത്. തിരുത്തപ്പെടേണ്ട കാര്യങ്ങൾ ഉടനടി തിരുത്തണം. നിയമവിരുദ്ധ കാര്യങ്ങൾക്ക് പിന്തുണ നൽകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. ഓരോ ജില്ലയിലെയും വിദ്യാർത്ഥി സംഘടനാ വിഷയങ്ങൾ സംസ്ഥാന നേതൃത്വത്തെ കൃത്യമായി അറിയിക്കണം. നേതാക്കളുടെ പ്രവർത്തനത്തെ ജില്ലാ നേതൃത്വം വിലയിരുത്തണം. വിദ്യാർത്ഥികളെ സംഘടനയിലേക്ക് ആകർഷിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തനം മെച്ചപ്പെടുത്തണം തുടങ്ങിയവയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉണ്ടായ നിർദേശങ്ങൾ.

കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യുയുസി സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച പെൺകുട്ടിക്കു പകരം എസ്എഫ്ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേര് ഉൾപ്പെടുത്തിയ സംഭവം വിവാദമായതോടെ പാർട്ടിക്കു വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിന് ശേഷം വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു.

മഹാരാജാസ് കോളജിന്റെ പേരിൽ താത്കാലിക അദ്ധ്യാപികയുടെ വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ വാർത്തകളിൽ നിറഞ്ഞതോടെ പാർട്ടി പ്രതിരോധത്തിലായി. ഇതിനിടെ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെ മുതിർന്ന സിപിഎം നേതാവ് പി.കെ.ശ്രീമതി വിദ്യയെ പരസ്യമായി തള്ളിപ്പറഞ്ഞു.ഇതിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അർഷോ ഉൾപ്പെട്ട മാർക്ക് ലിസ്റ്റ് വിവാദവും സംഭവം റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തതും ജനവികാരം പാർട്ടിക്കെതിരാക്കി. ഇതിനിടെ കൂനിന്മേൽ കുരു എന്ന പോലെ ഏരിയ സെക്രട്ടറി നിഖിൽ തോമസ് ബികോം ജയിക്കാതെ എംകോമിനു പ്രവേശനം നേടിയ വാർത്ത പാർട്ടിയെ വെട്ടിലാക്കി. വിശാഖിനെയും വിദ്യയെയും പാർട്ടി തള്ളിപ്പറഞ്ഞെങ്കിലും നിഖിലിനെ പിന്തുണയ്ക്കാനാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ശ്രമിച്ചത്. രേഖകൾ പുറത്തുവന്നതോടെ, നിഖിലിനു നൽകിയ പിന്തുണ നാണക്കേടായി മാറി.

എസ്എഫ്ഐ നേതൃനിരയിൽ മാറ്റങ്ങൾ വരുത്താനാണ് പാർട്ടി ആലോചന. ജില്ലാതലത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന സൂചനകളാണ് നേതൃത്വം നൽകുന്നത്. എസ്എഫ്ഐ നേതൃത്വം സർക്കാരിനു തലവേദനയാകുന്നതിൽ മുന്നണിലും അതൃപ്തിയുണ്ട്.

Related Articles

Latest Articles