പത്തനംതിട്ട : കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കിയ കേസിൽ പ്രതി നസീറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി. ബലാത്സംഗത്തിന് 10 വർഷം തടവും വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴു വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.
കോട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) 2019 ഡിസംബര്‍ 15നാണ് വീടിനകത്ത് കൊല്ലപ്പെട്ടത്. ഇരുവരും 12 വർഷം പ്രണയത്തിലായിരുന്നു. എന്നാൽ, വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി രണ്ടുപേർക്കും വേറെ വിവാഹം കഴിക്കേണ്ടിവന്നു. പക്ഷേ, പിന്നീട് ടിഞ്ചു ഭർത്തൃവീട്ടിൽനിന്ന് ഇറങ്ങി കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷനിലെത്തി. ടിജിനൊപ്പം പോകുകയാണെന്ന് അവിടെ എഴുതിവെച്ചു. അതിന് മുൻപുതന്നെ ടിജിനും ഭാര്യയും തമ്മിൽ അകന്നിരുന്നു. ഒന്നരവയസ്സ് മാത്രമുള്ള കുഞ്ഞിനൊപ്പമായിരുന്നു ടിജിന്റെ താമസം. ഇദ്ദേഹം ടിഞ്ചുവിനൊപ്പം താമസം തുടങ്ങി ആറുമാസം കഴിഞ്ഞപ്പോൾ, 2019 ഡിസംബർ 15-നാണ് ജീവിതം തകിടംമറിച്ച സംഭവം നടന്നത്.
സംഭവദിവസം ടിജിനും പിതാവും പുറത്തു പോയിരിക്കുകയായിരുന്നു.പിതാവ് ജോസഫ്, കൊച്ചുമകനുമായി പൊൻകുന്നത്തെ ബന്ധുവീട്ടിലേക്ക് രാവിലെ പോയിരുന്നു. ഓട്ടോഡ്രൈവറായ ടിജിന് ഹരിപ്പാട്ടേക്ക് ഓട്ടം കിട്ടി. നാട്ടുകാരനും പരിചയക്കാരനുമായ നസീർ ആ സമയത്താണ് തടി നോക്കാനെത്തിയത്. ടിഞ്ചു മാത്രമായിരുന്നു വീട്ടില്‍. ഈ സമയം നസീര്‍ കിടപ്പുമുറിയില്‍ വച്ച് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിക്കവേ കട്ടിലില്‍ തല ഇടിച്ച് ടിഞ്ചു അബോധാവസ്ഥയിലായി. തുടര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച ശേഷം മുണ്ട് കഴുത്തില്‍ കുരുക്കി മൃതദേഹം മുറിയുടെ മേല്‍ക്കൂരയിലെ ഇരുമ്പ് ഹുക്കില്‍ കെട്ടിത്തൂക്കി നസീര്‍ കടന്നുകളയുകയായിരുന്നു.
അന്നത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയും നിലവില്‍ തിരുവനന്തപുരം കണ്‍ട്രോള്‍ റൂം എ സി പിയുമായ ആര്‍ പ്രതാപന്‍ നായര്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ലൈംഗിക പീഡനവും കൊലപാതകവും നടന്നതായി കണ്ടെത്തിയത്. നേരത്തെ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ്‍ സുഹൃത്ത് ടിജിനെ കുറ്റാരോപിതനാക്കിയാണ് മുന്നോട്ടുപോയത്. കേസന്വേഷണത്തിന്റെ ഭാഗമായി ടിജിന് ഏറെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. ടിജിന്റെ പരാതിയെ തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ മികവാണ് തടിക്കച്ചവടക്കാരനായ നസീറിലേക്ക് അന്വേഷണം എത്തിച്ചത്. ക്രൂരമായ ലൈംഗികാതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍ അന്വേഷണസംഘം പരിശോധനയില്‍ കണ്ടെത്തി. സംഭവദിവസം വീടിന് സമീപത്ത് സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരെ തുടര്‍ച്ചയായി ചോദ്യംചെയ്തു. ഇതില്‍ പ്രദേശവാസിയായ നസീറും ഉണ്ടായിരുന്നു. മൃതദേഹത്തിന്റെ നഖത്തില്‍ നിന്ന് ശേഖരിച്ച ഡി എന്‍ എ സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ടിഞ്ചുവിന്റെ മൃതദേഹത്തില്‍ 53 മുറിവുകള്‍ കണ്ടെത്തിയിരുന്നു. മൃതദേഹം കെട്ടിത്തൂക്കാനായി ഉപയോഗിച്ച കെട്ടിന്റെ ശൈലി തടിക്കച്ചവടക്കാരനായ നസീറിലേക്ക് അന്വേഷണം വേഗത്തിലെത്തിച്ചു.
പെരുമ്പെട്ടി എസ്ഐ ആയിരുന്ന ഷെരീഫിന് തന്നെ പ്രതിയാക്കാൻ തിടുക്കമായിരുന്നെന്ന് ടിജിൻ പറയുന്നു. ടിഞ്ചുവിന്റെ സംസ്കാരത്തിലും പങ്കെടുക്കാനായില്ല. ചോദ്യം ചെയ്യാനായി വരുത്തി സ്റ്റേഷനിലെ ക്രൂരമർദനത്തിൽ ടിജിന്റെ നട്ടെല്ലിനും മുഖത്തും പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഒരാഴ്ച ചികിത്സയിൽ കഴിഞ്ഞു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതോടെ എസ്.ഐ., ആശുപത്രിയിൽ എത്തി ചെലവിന് പണം വാഗ്ദാനം ചെയ്തു. ഡോക്ടർമാരും ജീവനക്കാരും ഇടപെട്ടാണ് എസ്ഐയെ അന്ന് ഇറക്കിവിട്ടത്. പരിക്കേറ്റ് ഏറെനാൾ നടുവിന് ബെൽറ്റിട്ട് കഴിയേണ്ടിവന്നു. ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.

