Thursday, May 16, 2024
spot_img

ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി കുടുങ്ങി; തലകീഴായി കിടന്നത് അരമണിക്കൂർ; ഒടുവിൽ അഗ്നിശമനസേനയെത്തി അതിസാഹസികമായി രക്ഷപ്പെടുത്തി; സംഭവം പത്തനംതിട്ടയിൽ

 

പത്തനംതിട്ട: ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങി രോഗി. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഡോക്ടറെ കണ്ട് ആശുപത്രിയിലെ ജീവനക്കാരിയ്‌ക്കൊപ്പം ലിഫ്റ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു ചിറ്റാർ സ്വദേശിയായ മറിയാമ്മ അപകടത്തിൽപ്പെട്ടത്.

പത്തനംതിട്ട സബിതാ കണ്ണാശുപത്രിയിൽ ഡോക്ടറെ കണ്ടശേഷം മൂന്നാം നിലയിൽ നിന്നായിരുന്നു മറിയാമ്മ ലിഫ്റ്റിൽ കയറിയത്. രണ്ടാമത്തെ നിലയിൽ എത്തി ലിഫ്റ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെ സാങ്കേതിക തകരാർ മൂലം ലിഫ്റ്റ് താഴേയ്‌ക്ക് പോകുകയായിരുന്നു.എന്നാൽ മറിയാമ്മയുടെ കാലിന് നടക്കുന്നതിന് ചെറിയ ബുദ്ധിമുട്ടുണ്ട്. കാലിന് ബുദ്ധിമുട്ടുളളതിനാൽ പതുക്കെയാണ് ലിഫ്റ്റിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചത്. ഒരു കാൽ പുറത്തെടുത്ത് വച്ചപ്പോഴേക്കുമായിരുന്നു ലിഫ്റ്റ് താഴേക്ക് നീങ്ങിയത്. ഇതോടെ മറിയാമ്മ ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു.

അതേസമയം സംഭവം കണ്ട ഓട്ടോ ഡ്രൈവർ ഉടനെ മറിയാമ്മയെ കയ്യിൽ താങ്ങി നിർത്തി. ഒരു കാൽ ലിഫ്റ്റിന് പുറത്തായതോടെ ഇവർ തലകീഴായിട്ടാണ് ലിഫ്റ്റിൽ കുടുങ്ങിയത്. അരമണിക്കൂറോളമാണ് മറിയാമ്മ ലിഫ്റ്റിൽ കുടുങ്ങിയത്. എന്നാൽ വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തി അതി സാഹസികമായിട്ടാണ് ഇവരെ പുറത്തെടുത്തത്. തുടർന്ന് മറിയാമ്മയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Latest Articles