Friday, May 3, 2024
spot_img

മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ റദ്ദാക്കണം :കെ. സുരേന്ദ്രൻ,ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പണമില്ലാത്തിടത്ത് മുൻ സ്റ്റാഫുകളുടെ പെൻഷന് മാസം അനുവദിക്കുന്നത് 73 ലക്ഷം രൂപ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ കേരളം കിതയ്ക്കുമ്പോൾ രാജിവെച്ച രണ്ട് മന്ത്രിമാരുടെ 37 സ്റ്റാഫുകൾക്ക് കൂടി പെൻഷൻ ലഭിക്കുന്ന സാഹചര്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എൽ.ഡി.എഫിലെ ഘടകക്ഷികൾക്കെല്ലാം മന്ത്രിസ്ഥാനം കൊടുക്കാൻ പൊതുഖജനാവിലെ പണം ധൂർത്തടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. രണ്ട് വർഷവും ഒരു ദിവസവും മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ജോലി ചെയ്താൽ പെൻഷൻ കൊടുക്കണമെന്നാണ് കേരളത്തിലെ നിയമം.

ഇതോടെ രാജിവെച്ച മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിലെ 37 രാഷ്ട്രീയ നിയമനങ്ങൾക്കും പെൻഷൻ കൊടുക്കണം. കൂടാതെ പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ രണ്ട് മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫിലുള്ളവർക്കും പെൻഷൻ ലഭിക്കും.കേരളത്തിലല്ലാതെ മറ്റ് ഒരു സംസ്ഥാനങ്ങളിലും ഇങ്ങനെ പെൻഷൻ കൊടുക്കുന്നില്ല. കേന്ദ്രമന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിലുള്ളവർക്കും പെൻഷൻ ഇല്ല. എന്നാൽ, ഇവിടെ പാർട്ടിക്കാർക്ക് പെൻഷൻ കൊടുക്കാൻ വേണ്ടി രണ്ടര വർഷത്തേക്കാണ് സ്റ്റാഫ് നിയമനം പോലും നടത്തുന്നത്. പ്രതിപക്ഷ നേതാവിൻ്റെയും സ്റ്റാഫുകൾക്ക് പെൻഷൻ ലഭിക്കുന്നതിനാൽ ഇരുകൂട്ടരും പര്സ്പരം സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്.

മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്നവർക്കു പെൻഷൻ നൽകാനായി സംസ്ഥാനത്ത് ഒരു മാസം ചെലവഴിക്കുന്നത് 73 ലക്ഷംരൂപയാണ്. ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പണമില്ലാത്ത നാട്ടിൽ 1340 പേരാണ് നിലവിൽ പെൻഷൻ വാങ്ങുന്നത്. 70,000 രൂപ വരെ പെൻഷൻ വാങ്ങുന്നവർ കേരളത്തിലുണ്ട്. 25ൽ കൂടുതൽ സ്റ്റാഫുകളുള്ള മന്ത്രിമാർ വരെ സംസ്ഥാന മന്ത്രിസഭയിലുണ്ട്. ജനങ്ങളെ എങ്ങനെയും കൊള്ളയടിക്കുന്ന കൊള്ളക്കാരുടെ മാനസികാവസ്ഥയാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ളതെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Related Articles

Latest Articles