Saturday, May 18, 2024
spot_img

ജനരോഷം ഇരമ്പുന്നു! കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി മാനന്തവാടി നഗരത്തിൽ പ്രതിഷേധം നടത്തി നാട്ടുകാർ; വനം വകുപ്പ് സാധ്യമായതെല്ലാം ചെയ്യുന്നുവെങ്കിലും ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന് തുറന്നടിച്ച് വനം വകുപ്പ് മന്ത്രി

വയനാട്: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടത്തിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി മാനന്തവാടി നഗരത്തിൽ നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തുന്നു. അധികൃതർക്കെതിരെ ശക്തമായ ജനരോഷമാണ് മാനന്തവാടിയിൽ നിന്നും ഉയരുന്നത്. നേരത്തെ ഇവിടെയെത്തിയ വയനാട് എസ്പിയെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു.

മാനന്തവാടി കോഴിക്കോട് റോഡിലാണ് മൃതദേഹവും വഹിച്ചുള്ള പ്രതിഷേധ പ്രകടം. മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകൾ നാട്ടുകാർ ഉപരോധിച്ചു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് നാല് വാർഡുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ പ്രദേശവാസി മരിച്ച സംഭവത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വനം വകുപ്പിന് ചെയ്യാൻ സാധിക്കുന്ന നിയമപരമായ എല്ലാ നടപടിയും ദ്രുതഗതിയിൽ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാന്നെ് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടെങ്കിൽ മാത്രമേ പ്രശ്‌നം നല്ലരീതിയിൽ പരിഹരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് അജീഷ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നടന്ന് പോകുന്നതിനിടെ അപ്രതീക്ഷിതമായി അജീഷ് കാട്ടാനയുടെ മുൻപിൽ അകപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹം ഭയന്ന് ഓടി മറ്റൊരു വീടിന് ഉള്ളിലേക്ക് കയറാൻ ശ്രമിച്ചു. എന്നാൽ പിന്തുടർന്നെത്തിയ ആന വീടിന്റെ മതിൽ പൊളിച്ച് അജീഷിനെ ആക്രമിക്കുകയായിരുന്നു.

Related Articles

Latest Articles