Sunday, October 11, 2026

പെരുമൺ ദുരന്തം; ദുരൂഹത ഇനിയും നീങ്ങാത്ത കറുത്ത ദിനത്തിന് 36 വയസ്

കേരള ചരിത്രത്തിലെ കറുത്ത ദിനം എന്ന് വിശേഷിപ്പിക്കുന്ന കൊല്ലം പെരുമണ്‍ തീവണ്ടി ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളുടെ ചൂളംവിളിക്ക് ഇന്ന് 36 വയസ്. 1988 ജൂലൈ എട്ടിനായിരുന്നു ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടിക്കായലിലേക്കു മറിഞ്ഞത്. യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ ജീവനാണ് ദുരന്തത്തിൽ നഷ്ടപ്പെട്ടത്. നൂറുകണക്കിനാളുകൾ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി.

അഷ്ടമുടി കായലിന് കുറുകെ മൺറോത്തുരുത്തിനും പെരിനാടിനും ഇടയിൽ 125 മീറ്റർ നീളമുള്ള പെരുമൺ പാലത്തിൽ ഉച്ചയ്ക്ക് 12.20നായിരുന്നു അപകടം. 80 കിലോമീറ്റർ വേഗത്തി​ലെത്തിയ ട്രെയിനി​ന്റെ എൻജിനും പാഴ്സൽ കമ്പാർട്ട്മെന്റും തൊട്ടുപിന്നിലുള്ള ഒരു സെക്കൻഡ് ക്ലാസ് കമ്പാർട്ട്മെന്റും പാലം കടന്നതിന് പിന്നാലെയായിരുന്നു ദുരന്തം. 15 ബോഗി​കളുണ്ടായിരുന്ന ട്രെയിനി​ന്റെ 9 ബോഗികളും ഒന്നിന് പിറകെ ഒന്നായി കായലിലേക്ക് പതിച്ചു. ഉഗ്രശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായെത്തി. നീന്തിയും വള്ളത്തിലുമായി അവർ കോച്ചുകൾക്കടുത്തെത്തി. സാഹചര്യങ്ങൾ പ്രതികൂലമായിട്ടും സ്വന്തം ജീവൻ പണയം വച്ച് നടത്തിയ രക്ഷാപ്രവർത്തനമാണ് മരണസംഖ്യ കുറച്ചത്.

ദുരന്തത്തിനു കാരണം ചുഴലിക്കാറ്റെന്ന് (ടൊർണാഡോ) റെയിൽവേ അടിവരയിട്ട് ഉറപ്പിച്ചു. എങ്കിലും അത്തൊരുമൊരു കാറ്റിന് ഒരു ട്രെയിനിനെ മറിച്ചിടാൻ കഴിയുമോയെന്ന ചോദ്യം ജനമനസുകളിൽ ബാക്കിയായി. ദുരന്ത കാരണം കണ്ടെത്താൻ ഒട്ടേറെപ്പേർ അന്വേഷണം നടത്തി. കാരണങ്ങൾ പലതും കണ്ടെത്തിയെങ്കിലും അതിനെല്ലാം ‘ടൊർണാഡോ’യെ കൂട്ടുപിടിച്ചായിരുന്നു റെയിൽവേയുടെ മറുപടി.

2013 ൽ, ദുരന്ത കാരണം വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തേവള്ളി സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആ അന്വേഷണവും എങ്ങും എത്തിയില്ല. അപകട കാരണം കണ്ടെത്താൻ കഴിയുന്നില്ലെന്നു കാണിച്ച് പോലീസും 2019 ൽ അന്വേഷണം അവസാനിപ്പിച്ചു. ദുരന്തത്തിന്റെ യഥാർഥ കാരണം എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷ മനസ്സിൽ പേറിയാണ് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും ഓരോ വാർഷികാചരണ ദിനത്തിലും എത്തുന്നത്.

Related Articles

Latest Articles