Saturday, April 27, 2024
spot_img

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹർജി: സംസ്ഥാന സർക്കാരിന് നോട്ടിസയച്ച് ഹൈക്കോടതി

കൊച്ചി : ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനു ഹൈക്കോടതി നോട്ടിസ് അയച്ചു. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ നൽകിയ ഹർജിയിന്മേലാണ് സർക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്‌.വി.ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു ഇന്ന് ഹർജി പരിഗണിച്ചത്. കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിന് പുറമെ അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും എല്ലാ ആശുപത്രികളിലും ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ തുടങ്ങിയവർക്ക് സംരക്ഷണം നൽകാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

മേയ് 10ന് പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. ഇയാളുടെ ആക്രമണത്തിൽ മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുപി സ്കൂൾ അദ്ധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു.സംഭവത്തിൽ സർക്കാരിനെ വിമർശിച്ച ഹൈക്കോടതി, സ്വമേധയാ കേസെടുത്തിരുന്നു.

Related Articles

Latest Articles