Wednesday, May 15, 2024
spot_img

തമിഴ്നാട് രാജ്ഭവന് നേരെയുണ്ടായ പെട്രോൾ ബോംബേറ്; ആക്രമണത്തിന് പിന്നിൽ ഭീകരരോ? അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ചെന്നൈ: രാജ്ഭവന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് എൻഐഎ. കഴിഞ്ഞ മാസം 25 നായിരുന്നു ചെന്നെെയിലെ രാജ്ഭവന് നേരെ പെട്രോൾ ബോംബേറ് ഉണ്ടായത്. ആക്രമണത്തിൽ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു.

ആക്രമണത്തിന് പിന്നിൽ ഭീകര ബന്ധം ഉണ്ടെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പോലീസിൽ നിന്നും അന്വേഷണ സംഘം ശേഖരിക്കും. സംഭവ സ്ഥലവും എൻഐഎ സന്ദർശിക്കും. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ കരുക്ക വിനോദ് എന്ന 47 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നതിനായുള്ള നീക്കങ്ങളും എൻഐഎ ആരംഭിച്ചു.

രണ്ട് ബോംബുകളാണ് പ്രതി രാജ്ഭവന് നേരെ എറിഞ്ഞത്. ഇതിൽ പോലീസിന്റെ ബാരിക്കേഡ് തകർന്നു. രാജ്ഭവനിലേക്ക് അതിക്രമിച്ച് കടന്നായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. രാജ്ഭവൻ കോമ്പോണ്ടിലേക്ക് കടന്ന ഇയാളെ പോലീസ് പിടികൂടാൻ ശ്രമിച്ചു. ഇതോടെയായിരുന്നു പെട്രോൾ ബോംബുകൾ എറിഞ്ഞത്. നാല് ബോംബുകളുമായാണ് ഇയാൾ എത്തിയത്. എന്നാൽ മറ്റ് രണ്ടെണ്ണം എറിയാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

ഇതിന് മുൻപും ഇയാൾ സമാനമായ രീതിയിൽ ബോംബ് ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 2015 ഓഗസ്റ്റിൽ തെയ്‌നാമ്പേട്ട് പോലീസ് സ്‌റ്റേഷന് നേർക്ക് ഇയാൾ പെട്രോൾ ബോംബ് എറിഞ്ഞിരുന്നു. ഇതിന് പുറമേ 2017 ജൂലൈ 13 ന് മറ്റൊരു കടയ്ക്ക് നേരെയും ഇയാൾ ബോംബെറിഞ്ഞിരുന്നു.

Related Articles

Latest Articles