Sunday, May 5, 2024
spot_img

കെ.എസ്.ആര്‍.ടി.സിയുടെ പി.എഫ്. അടയ്ക്കാതെ വകമാറ്റുന്നു: പലിശ മാത്രം 9.81 കോടി രൂപ ചെലവായി.; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിക്കുന്ന തുക പ്രൊവിഡന്റ് ഫണ്ടില്‍ അടയ്ക്കാതെ വകമാറ്റുന്നെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിയോടു വിശദീകരണം തേടി. കേരളാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് എംപ്ലോയീസ് ഓര്‍ഗെനെസേഷന്റെ പരാതിയിലാണു നടപടി. പി.എഫ്. വിഹിതം വകമാറ്റുന്നതിനെക്കുറിച്ച് ഗവര്‍ണറുടെ ഓഫീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ജീവനക്കാരുടെ വിഹിതം വര്‍ഷങ്ങളായി പി.എഫിലേക്ക് അടയ്ക്കുന്നില്ലെന്നു വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയില്‍ കെ.എസ്.ആര്‍.ടി.സി. കുറ്റസമ്മതം നടത്തിയിരുന്നു. പി.എഫില്‍ നിക്ഷേപിക്കേണ്ട പണം വര്‍ക്കിങ് ഫണ്ടിലേക്ക് വകമാറ്റുകയാണു ചെയ്യുന്നത്. സര്‍വീസില്‍നിന്നു വിരമിക്കുന്നവര്‍ക്ക് വര്‍ക്കിങ് ഫണ്ടില്‍നിന്നായാലും പലിശയടക്കം പണം നല്‍കുന്നതിനാല്‍ ജീവനക്കാരോ തൊഴിലാളി സംഘടനകളോ പരാതി നല്‍കാറില്ല.

പി.എഫ്. തുകയ്ക്കു സര്‍ക്കാര്‍ നല്‍കേണ്ട പലിശ സ്വന്തമായി നല്‍കുകയാണു കെ.എസ്.ആര്‍.ടി.സി. ചെയ്യുന്നത്. ഇങ്ങനെ പലിശയിനത്തില്‍ മാത്രം സ്ഥാപനത്തിന് 9.81 കോടി രൂപ ചെലവായെന്നു സി.എ.ജി. നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

പി.എഫ്. തുക കൃത്യമായി അടയ്ക്കാത്ത കെ.എസ്.ആര്‍.ടി.സിയുടെ നടപടിയെ സോമന്‍ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന കേസില്‍ െഹെക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. െഹെക്കോടതിയുടെ മുന്നറിയിപ്പും വകവയ്ക്കാതെയാണു പി.എഫ്. തുക വകമാറ്റല്‍ തുടരുന്നത്. പി.എഫിലേക്കു പിടിക്കുന്ന തുക ഏത് അക്കൗണ്ടിലേക്കാണു പോകുന്നതെന്ന് വിവരാവകാശ നിയമം വഴി അന്വേഷിച്ചപ്പോള്‍, കോര്‍പ്പറേഷന്റെ നിയമപരമായ ബാധ്യത പൂര്‍ത്തീകരിക്കാനുള്ള സാങ്കല്‍പ്പികമായ ഒരു അക്കൗണ്ട് മാത്രമാണ് നിലവിലുള്ളതെന്നായിരുന്നു മറുപടി. ജീവനക്കാര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍പ്പോലും പി.എഫില്‍നിന്നു വായ്പയെടുക്കാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍. വായ്പ കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്നു കേരളാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് എംപ്ലോയീസ് ഓര്‍ഗെനെസേഷന്‍ സംസ്ഥാന സെക്രട്ടറി എം.മനേഷ് പറഞ്ഞു .

2013 മുതല്‍ ഏര്‍പ്പെടുത്തിയ പങ്കാളിത്ത പെന്‍ഷന്റെ അവസ്ഥയും ഇതുതന്നെ. കഴിഞ്ഞ 38 മാസത്തില്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ വിഹിതമായി 59 കോടി രൂപയാണു കോര്‍പ്പറേഷന്‍ പിടിച്ചത്. അത്രതന്നെ തുക സംസ്ഥാന സര്‍ക്കാരും പങ്കാളിത്ത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കണം. കോര്‍പ്പറേഷന്‍ പണമടയ്ക്കാത്തതിനാല്‍ സര്‍ക്കാരും പണമടച്ചിട്ടില്ലെന്നാണു വിവരം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് മുഴുവന്‍ തുകയും നിക്ഷേപിക്കുമെന്ന തൊടുന്യായത്തില്‍ അധികൃതരുടെ വിശദീകരണം ഒതുങ്ങുന്നു.

Related Articles

Latest Articles