Sunday, June 16, 2024
spot_img

ഡോക്ടർമാരുടെ സമരം മുറുകുന്നു; രോഗികൾ വലയുന്നു, ശസ്തക്രിയകൾ മാറ്റി, മെഡി. കോളേജ് ഒപികളിൽ പകുതി ഡോക്ടർമാർ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ എമർജൻസി ഡ്യൂട്ടി ബഹിഷ്ക്കരണ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ആകെ താളം തെറ്റിയ സ്ഥിതിയാണ്. സമരം ശക്തമാക്കുന്നതിന് മുന്നോടിയായി പിജി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൗസ് സർജന്മാരും ഇന്ന് 24 മണിക്കൂർ ഡ്യൂട്ടി ബഹിഷ്ക്കരണ സമരം നടത്തുകയാണ്. പിജി ഡോക്ടർമാരുടെ സമരത്തിനിടെ ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി വീണ ജോർജ് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. പിജി ഡോക്ടർമാരുമായി ഇനി ചർച്ച നടത്തുന്ന പ്രശ്നമേ ഇല്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്. ഇതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാൻ തന്നെയാണ് പിജി ഡോക്ടേഴ്സ് അസോസിയേഷന്‍റെ തീരുമാനവും.

ഹൗസ് സർജൻമാർ എമർജൻസി, കൊവിഡ് ഡ്യൂട്ടികൾ ബഹിഷ്കരിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും, സമരത്തോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. പിജി സമരത്തെ തുടർന്ന് ജോലിഭാരം ഇരട്ടിച്ചതും, നേരത്തെയുണ്ടായിരുന്ന സ്റ്റൈപ്പൻഡ് വർധന പുനഃസ്ഥാപിക്കാത്തതുമാണ് ഹൗസ് സർജൻമാർ ഉന്നയിക്കുന്ന വിഷയങ്ങൾ. രാവിലെ എട്ട് മണി മുതൽ 24 മണിക്കൂർ കൊവി‍ഡ്, അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഇവർ.

Related Articles

Latest Articles