Sunday, May 19, 2024
spot_img

ലഡാക്കിലേക്കുള്ള രാഹുൽ ഗാന്ധിയുടെ ബൈക്ക് യാത്രയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ; പിന്നാലെ നന്ദി പ്രകാശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു, കൺഫ്യൂഷനിലായി സോഷ്യൽ മീഡിയ, സംഭവം ഇങ്ങനെ

ലഡാക്കിലേക്കുള്ള രാഹുൽ ഗാന്ധിയുടെ ബൈക്ക് യാത്രയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതിന് പിന്നാലെ നന്ദി പ്രകാശനവുമായി എത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി കിരൺ റിജിജു. എന്നാൽ രാഹുൽഗാന്ധിയുടെ ചിത്രം പ്രദർശിപ്പിച്ചതിനല്ല കേന്ദ്രമന്ത്രി നന്ദി അറിയിച്ചിരിക്കുന്നത്. ബൈക്കിലൂടെ ലഡാക്കിലേക്ക് യാത്ര ചെയ്ത് പോയപ്പോൾ രാഹുൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ വെടിപ്പായി കാണുന്നത് നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ പണിത വിശാലമായ റോഡുകൾ ആണ്. ആ റോഡുകൾ ജനങ്ങളെ വീണ്ടും കാണിച്ചതിനാണ് രാഹുൽഗാന്ധിക്ക് നന്ദി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഹിമാലയന്‍ മേഖലയില്‍ നിര്‍മ്മിച്ച മികച്ച റോഡുകള്‍ പ്രചരിപ്പിച്ചതിന് രാഹുലിന് നന്ദിയെന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

2012ല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴിലുണ്ടായിരുന്ന കാലത്തെ റോഡുകളെന്ന് അവകാശപ്പെടുന്ന വീഡിയോയും രാഹുലിന്റെ പുതിയ വീഡിയോയും താരതമ്യം ചെയ്താണ് കേന്ദ്രമന്ത്രിയുടെ പോസ്റ്റ്. ആദ്യ വീഡിയോയില്‍ ലഡാക്കിലെ പാങ്കോങ് ത്സോയിലേക്കുള്ള വഴിയില്‍ കല്ലുകളും പാറകളും നിറഞ്ഞ ഒരു താല്‍ക്കാലിക റോഡിലൂടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കാണാം. ഞായറാഴ്ച തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രാര്‍ഥനായോഗം നടക്കുന്ന പാംഗോങ് സോയിലേക്കുള്ള രാഹുലിന്റെ യാത്രയാണ് രണ്ടാം വീഡിയോയിലുള്ളത്. മികച്ച ബ്ലാക്ക്ടോപ്പ് റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയാണ് രാഹുല്‍.

”നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍മ്മിച്ച ലഡാക്കിലെ മികച്ച റോഡുകള്‍ പ്രചരിപ്പിച്ചതിന് രാഹുല്‍ ഗാന്ധിക്ക് നന്ദി. കശ്മീര്‍ താഴ്വരയില്‍ വിനോദസഞ്ചാരം എങ്ങനെ കുതിച്ചുയരുന്നുവെന്ന് നേരത്തെയും രാഹുല്‍ ഗാന്ധി കാണിച്ചുതന്നിട്ടുണ്ട്. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ഇപ്പോള്‍ സമാധാനപരമായി ദേശീയ പതാക ഉയര്‍ത്താം’, മന്ത്രി ട്വീറ്റിലൂടെ ഓര്‍മിപ്പിച്ചു.

Related Articles

Latest Articles