പിണറായുടെ തുടർ ഭരണം അഴിമതിക്കളരിയായി മാറിക്കൊണ്ടിരിക്കുന്നു. അഴിമതിയെക്കുറിച്ച് രഹസ്യമായി വിവരം നൽകാൻ ആഗ്രഹിക്കുന്നവർക്ക് അവസരംനൽകുന്ന ‘അഴിമതിമുക്ത കേരളം’ പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാർ തന്നെ, സർക്കാർ മേഖലയിലെ അഴിമതികൾ വെളിച്ചത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥരെ വേട്ടയാടുന്നു. വനംകൊള്ളയുമായി ബന്ധപ്പെട്ട് വിവരാവകാശം നൽകിയ ഉദ്യോഗസ്ഥരെ പോലും മറ്റ് ജില്ലകളിലേയ്ക്ക് സ്ഥലംമാറ്റിയാണ് കേരള സർക്കാർ അഴിമതി വിരുദ്ധത തെളിയിച്ചത്. വോട്ടർ പട്ടിക ക്രമക്കേട് പുറത്തുകൊണ്ടുവരാൻ സഹായിച്ചു എന്നാരോപിച്ച് ഇലക്ഷൻ കമ്മീഷനിലെ കെൽട്രോൺ കരാർ ജീവനക്കാരെ ഇലക്ഷൻ കമ്മീഷൻ തിരിച്ചയച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരും അഴിമതികൾക്കെതിരെ നിലപാടെടുത്തവർക്കെതിരെ ശിക്ഷണനടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആഴക്കടൽ മൽസ്യബന്ധന കരാറിന്റെ മറവിലെ അഴിമത് പുറത്തുവന്നതിന് പിന്നിൽ പ്രശാന്ത് ഐഎഎസ് ആണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ വിമർശനങ്ങളുമായി സിപിഎമ്മിലെയും സർക്കാരിലെയും ഉന്നതർ രംഗത്ത് വന്നിരുന്നു. തങ്ങളുടെ അഴിമതികൾ വെളിച്ചത്തുകൊണ്ടുവരുന്നവർക്കെതിരെ നിലപാടെടുക്കുന്നവരെ ഒതുക്കിനിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗാമായാണ് ഈ സ്ഥലംമാറ്റങ്ങളെയും ഉദ്യോഗസ്ഥർ കാണുന്നത്. ഇത്തരത്തിൽ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് പിണറായി സർക്കാർ. സ്വര്ണക്കടത്ത്, വനംകൊള്ള, ഇങ്ങനെ നീണ്ടുപോകുന്ന ഒരു ലിസ്റ്റ് തന്നെയുണ്ട് പിണറായിയുടെ അഴിമതി കൂത്തരങ്ങിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാൻ.
ഒരു വശത്ത് കെ എം ഷാജിക്കും കെ സുധാകരനുമെതിരെ വിജിലൻസ് അന്വേഷണം നടത്തുമ്പോൾ തന്നെ മറുവശത്ത് സ്വന്തം മുന്നണിയിൽ ഉള്ളവർക്കെതിരെ ചെറുവിരൽ പോലും അനക്കാൻ സിപിഎം തയ്യാറല്ലെന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ഈ സർക്കാറിനെതിരെ പുറത്തുവന്ന ഗുരുതര ആരോപണവമായിരുന്നു ഐഎൻഎല്ലിന് ഉള്ളിൽ നിന്നു ഉയർന്നത്. പിഎസ് സി അംഗത്വം ലഭിക്കാൻ വേണ്ടി 40 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണം അതീവ ഗുരുതരമായിരുന്നു.
ഈ വെളിപ്പെടുത്തൽ നടത്തിയതാകട്ടെ ഐഎൻഎല്ലിലെ ഒരാളും. എന്നാൽ, ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിക്കാൻ സിപിഎം തയ്യാറായില്ല. മാത്രമല്ല, പകരം കോഴ ആരോപണം ഒത്തു തീർപ്പാക്കുകയും ചെയ്തു. ഇതിൽ ഇടപെട്ടതാകട്ടെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും. അഴിമതി നടന്നെന്ന ആരോപണം പരിശോധിക്കുന്ന ഘട്ടത്തിലേക്ക് പോലും സിപിം കടന്നില്ലെന്നതാണ് ശ്രദ്ധേയം. ഒന്നാം പിണറായി സർക്കാർ തന്നെ യുഡിഎഫിന്റെ ബാർകോഴയുടെ ഉപോൽപ്പനം ആയിരുന്നു. എന്നാൽ, ഇക്കാര്യത്തിലും സിപിഎം അഴിമതി വിരുദ്ധ നയം വെടിയുന്നത് കണ്ടു. അന്ന് സമരം നടത്തിയത് ആർക്കെതിരെയാണോ അദ്ദേഹത്തിന് സ്മാരകം പണിയാൻ അഞ്ച് കോടി വകയിരുത്തുന്ന കാഴ്‌ച്ചയും കേരളം കണ്ടും. ഇങ്ങനെ അഴിമതിയോട് സമരസപ്പെടുന്ന കാര്യത്തിൽ സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാർ മത്സരിക്കുന്ന സ്ഥിതിയാണ് കേരളത്തിൽ.
എന്നാൽ ഇതിനെല്ലാം പുറമെ തന്നെ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച തിരുവനന്തപുരം സ്വര്‍ണക്കടത്ത് നടന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. വിവിധ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പല വഴിക്കായി തുടരുമ്പോഴും നയതന്ത്ര ബാഗേജ് മറയാക്കിയുള്ള സ്വര്‍ണക്കടത്തിന് പിന്നിലെ യഥാര്‍ത്ഥ കണ്ണികള്‍ ആരെന്നതിന് ഇപ്പോഴും വ്യക്തതയില്ല. ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ കഴിയാതെ കേന്ദ്ര ഏജന്‍സികള്‍ ഇരുട്ടില്‍ തപ്പുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.
അതേസമയം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സി എം രവീന്ദ്രനും കേസുമായി ബന്ധപ്പെട്ട നിരവധി തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഒന്നാം പിണറായി മന്ത്രിസഭയിൽ വിവാദത്തിൽപ്പെട്ട മറ്റെല്ലവരെയും മാറ്റിയപ്പോഴും സിഎം രവീന്ദ്രനെ മാത്രം മുഖ്യൻ ഇതുവരെയും മാറ്റിയിട്ടില്ല. സ്വര്ണക്കടത്തുമായി ബന്ധപെട്ട് പതിമൂന്നേകാല്‍ മണിക്കൂറാണ് രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തത്. എന്നിട്ടും എന്തുകൊണ്ട് പിണറായി ഇതുവരെയും രവീന്ദ്രനെ മാത്രം മാറ്റിയില്ല എന്ന ചോദ്യം ഉയരുന്നുണ്ട്.

