ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. രാവിലെ 10മണിക്ക് തുടങ്ങിയ കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായി പിണറായി ചർച്ച ചെയ്തു. മന്ത്രി ജി സുധാകരനും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായി.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീത്തിലുള്ള എതിർപ്പ് മുഖ്യമന്ത്രി രേഖാമൂലം പ്രധാനമന്ത്രിയെ അറിയിച്ചു. വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്നുള്ള ആവശ്യവും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
പ്രളയത്തിനു ശേഷം കേരളത്തിന് ലഭിച്ച സാമ്പത്തിക സഹായം അപര്യാപ്തമായതിൽ കേരളത്തിനുള്ള അതൃപ്തി അറിയിച്ച മുഖ്യമന്ത്രി പുനര്‍നിര്‍മാണത്തിനായി ആവശ്യമായ കേന്ദ്ര സഹായത്തെക്കുറിച്ചുള്ള അഭ്യര്‍ഥനയും കൈമാറി.
അതേസമയം പ്രളയാനന്തരം പിരിഞ്ഞുകിട്ടിയ തുക എങ്ങനെ വിനിയോഗിച്ചെന്നും എവിടെപ്പോയെന്നുമുള്ള ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. കൂടിക്കാഴ്ച നടത്തിയ വാർത്തക്ക് കീഴിലും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലും ഇത് സംബന്ധിച്ച ചോദ്യങ്ങൾ നിറയുകയാണ്.
നരേന്ദ്ര മോദി രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത് . പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.

