Sunday, May 19, 2024
spot_img

പിങ്ക് പോലീസിന്റെ വിചാരണ; ഉദ്യോഗസ്ഥയ്‌ക്കെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചു? ചോദ്യശരങ്ങളുമായി ഹൈക്കോടതി

തിരുവനന്തപുരം: എട്ടു വയസുകാരിയോട് മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് (Pink Police Issue) പോലീസ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ചോദ്യശരങ്ങളുമായി ഹൈക്കോടതി. സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാർ അറിയിക്കണമെന്ന് കോടതി തുറന്നടിച്ചു. ചെറിയ കുരുന്നിനോട് പോലീസ് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാൻ കഴിയാത്തതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. പോലീസ് പീഡനത്തിനെതിരെ പെൺകുട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

അതേസമയം പരാതിയിൽ പരാമർശിക്കുന്ന പോലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസിൽ തുടരുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. സംഭവം ചെറുതായി കാണാൻ കഴിയില്ലെന്നും വഴിയിൽ നിന്ന കുട്ടിയോട് പോലീസ് എന്തിനാണ് മൊബൈൽ ഫോണിനെക്കുറിച്ച് ചോദിച്ചതെന്നും കോടതി ചോദിച്ചു. ഉചിതമായ നടപടിയുണ്ടായില്ലെങ്കിൽ പുതുതലമുറ പോലീസിനെ ഭയന്ന് ജീവിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

തുമ്പ വി.എസ്.എസ്.സി.യിലേക്ക് വലിയ ലോറിയില്‍ കാര്‍ഗോ കൊണ്ടുപോകുന്നത് കാണുന്നതിനാണ് ജയചന്ദ്രന്‍ മകളെയും കൂട്ടി ദേശീയപാതയിലെ മൂന്നുമുക്ക് ജങ്ഷനില്‍ എത്തിയത്. ഇതിനിടയിലായിരുന്നു പോലീസിന്റെ മോശം പെരുമാറ്റം ഉണ്ടായത്. പൊതുജനം നോക്കി നിൽക്കെ ഉദ്യോഗസ്ഥയായ രജിത “കള്ളി” എന്ന് വിളിച്ച് കുട്ടിയെ അപമാനിച്ചു. അച്ഛന്റെ വസ്ത്രമഴിച്ച് പരിശോധന നടത്തി. എന്നാൽ മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാൻഡ്ബാഗിൽ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആറ്റിങ്ങൽ ഡിവൈഎസ്പിയ്‌ക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ലെന്നും പെൺകുട്ടി നൽകിയ ഹർജിയിൽ പറയുന്നു.

Related Articles

Latest Articles