Thursday, May 2, 2024
spot_img

ഭാര്യയുടെ ചികിത്സാ സഹായ ധനം ധൂർത്തടിച്ച് ഭർത്താവ്; ക്യാൻസർ രോ​ഗിയായ യുവതി ദുരിതത്തിൽ

കോഴിക്കോട്: ചികിത്സാ സഹായമായി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത പണം ഭർത്താവ് ദുരുപയോഗം ചെയ്യുന്നെന്ന പരാതിയുമായി യുവതി രംഗത്ത്. ക്യാൻസർ ചികിൽസക്കായി നവ മാധ്യമങ്ങളിലൂടെയും മറ്റും പിരിച്ച് കിട്ടിയ 30 ലക്ഷത്തോളം രൂപ ഭർത്താവ് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായാണ് പരാതി ലഭിച്ചിട്ടള്ളത്. തന്നെ നിരന്തരം മർദ്ദിക്കുന്നതായടക്കമുള്ള പരാതികളുന്നയിച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിജ്മയാണ് ഭർത്താവ് ധനേഷിനെതിരെ വെള്ളയിൽ പൊലീസിന് പരാതി നൽകിയത്.

2019 മാർച്ചിൽ ഒരു വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിജ്മയ്ക്ക് വൃക്കയ്ക്ക് സമീപമുള്ള എല്ലിൽ ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വെള്ളയിൽ സ്വദേശിയായ ഭർത്താവ് ധനേഷ് ഫേസ്ബുക്കിൽ ചികിത്സ സഹായം അഭ്യർത്ഥിച്ച് പോസ്റ്റ് ഇട്ടു. നിരവധിയാളുകൾ പോസ്റ്റ് ഷെയർ ചെയ്തതോടെ വലിയ തുകയും സഹായമായെത്തി. ധനേഷിൻ്റെ അക്കൗണ്ട് വിവരങ്ങളാണ് പോസ്റ്റിൽ നൽകിയിരുന്നത്. എന്നാൽ റേഡിയേഷനും കീമോതെറാപ്പിയും പുരോഗമിക്കവേ ധനേഷ് പൈസ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി.

ചോദ്യം ചെയ്ത ബിജ്മയെ ക്രൂരമായി ഉപദ്രവിച്ചു. പിരിച്ചു കിട്ടിയ തുക ഉപയോഗിച്ച് ധനേഷിൻ്റെ അമ്മയുടെ പേരിൽ പുതിയ വീടു വാങ്ങിച്ചതായും ബിജ്മ ആരോപണമുന്നയിക്കുന്നു. തുടർ ചികിൽസകൾക്കും പരിശോധനയ്ക്കും പണം കണ്ടെത്താനാവാതെ ദുരിതത്തിലാണ് ബിജ്മയിപ്പോൾ. ഗാർഹിക പീഡനവും പണം തട്ടിയെടുത്തതും കാണിച്ച് വെള്ളയിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽസ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതി ഉടൻ പിടിയിലാവുമെന്നുമാണ് പൊലീസ് പറയുന്നത്.

Related Articles

Latest Articles