Monday, May 6, 2024
spot_img

ആറ്റിങ്ങൽ പരസ്യവിചാരണ: കാക്കി കാക്കിയെ രക്ഷിക്കാൻ ശ്രമിക്കുന്നു: സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു? കേരള പൊലീസിന്റെ തൊലിയുരിച്ച് ഹൈക്കോടതി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ എട്ടു വയസ്സുകാരിയെ പരസ്യവിചാരണ ചെയ്ത സംഭവത്തിൽ കേരള പോലീസ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം. പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന തരത്തിൽ റിപ്പോർട്ട് നൽകിയ ഡിജിപിയെ കോടതി വിമർശിച്ചു. പല കേസുകളിലും കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. യൂണിഫോം ഇട്ടാൽ എന്തും ചെയ്യാം എന്നാണോ എന്നും പൊലീസിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

അതേസമയം ഉദ്യോഗസ്ഥ എട്ടു വയസ്സുകാരിയെ പരസ്യവിചാരണ ചെയ്യുന്ന വിഡിയോ കണ്ടിരുന്നോ എന്ന് പൊലീസ് മേധാവി ഹൈക്കോടതിയോട് ചോദിച്ചു. കോടതി വിഡിയോ കണ്ടതാണെന്നും വ്യക്തമാക്കി. മാത്രമല്ല സംഭവത്തിൽ ഉദ്യോഗസ്ഥയ്ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്നും കുട്ടിക്കായി സർക്കാർ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു.

പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. പൊലീസ് ഉദ്യോഗസ്ഥയുടെ നടപടി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം ഡിജിപിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഡിജിപി നൽകിയ റിപ്പോർട്ട് അപൂർണമാണെന്നും ഞെട്ടിക്കുന്നതാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കോടതിയിൽ നിന്നെങ്കിലും നീതി ലഭിച്ചില്ലെങ്കിൽ പിന്നെ എവിടെനിന്നു കിട്ടുമെന്നും അദ്ദേഹം ചോദിച്ചു.

കുട്ടിയെ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് അവകാശം? യൂണിഫോമിട്ടാൽ എന്തും ചെയ്യാം എന്നാണോ? എന്തുകൊണ്ടാണ് കുട്ടിയുടെ വിഷയത്തിൽ ബാലാവകാശ നിയമ പ്രകാരം കേസെടുക്കാൻ പറ്റാത്തത് എന്ന് കോടതി ചോദിച്ചു. കുട്ടിക്ക് ഉണ്ടായ മനോവേദന പരിഹരിക്കാൻ സർക്കാരിന് എന്ത് ചെയ്യാൻ സാധിക്കും എന്ന് കോടതി ചോദിച്ചു. സർക്കാർ ഇടപെട്ടില്ലെങ്കിൽ സ്വയം ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ആൾക്കൂട്ടം കണ്ടപ്പോഴാണ് കുട്ടി കരഞ്ഞതെന്ന് പൊലീസ് റിപ്പോർട്ട് കോടതി പുച്ഛിച്ച് തള്ളി.

Related Articles

Latest Articles