പിറവം പള്ളി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ നൽകിയ തിരുത്തൽ ഹർജി പിൻവലിക്കുന്നു. സുപ്രീംകോടതി ഇന്ന് ഹർജി പരിഗണിക്കാനിരിക്കെയാണ് പിൻവലിക്കാൻ അപേക്ഷ നൽകിയത്. നേരത്തെ യാക്കോബായ വിഭാഗം നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനുശേഷണാണ് തിരുത്തൽ ഹർജി സമർപ്പിച്ചത്.
ഹർജി പിൻവലിക്കാനുള്ള കാരണം യാക്കോബായ വിഭാഗം വ്യക്തമാക്കിയിട്ടില്ല. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിക്കാനിരുന്നത്.
മലങ്കരസഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ വിധി. അതിനെതിരെയാണ് യാക്കോബായ സഭ തിരുത്തൽ ഹര്‍ജി നൽകിയിരുന്നത്.

