Friday, May 3, 2024
spot_img

കളിത്തീവണ്ടിയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

റിയാദ്: കളിത്തീവണ്ടിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്‍ മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. അച്ഛനും അമ്മയ്‍ക്കും സഹോദരനും ഒപ്പം നഗരത്തിലെ കണ്‍സ്യൂമര്‍ ഫെയര്‍ സന്ദര്‍ശിക്കാനെത്തിയ സ്വദേശി ബാലന്‍ ഇബ്രാഹീം അലി അല്‍ ബലവിയാണ് മരിച്ചത്.

രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്തതിനാല്‍ കുട്ടിയുടെ അമ്മയെ മേളയിലെ ഗെയിം ഏരിയയില്‍ പ്രവേശിപ്പിച്ചില്ല. അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരന്‍ അകത്തേക്ക് കടന്നത്. അവിടെയുണ്ടായിരുന്ന കളിത്തീവണ്ടിയുടെ ആദ്യ ബോഗിയില്‍ കയറിയ ബാലന്‍ അബദ്ധത്തില്‍ തീവണ്ടി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഇതോടെ തീവണ്ടി ഉയര്‍ന്നുപൊങ്ങുകയും അതിന്റെ ആഘാതത്തില്‍ ബാലന്‍ ബോഗിയില്‍ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. ട്രാക്കില്‍ വീണ ബാലന്റെ ശരീരത്തിലേക്ക് ട്രെയിനിന്റെ രണ്ടാമത്തെ ബോഗി കയറിയിറങ്ങി.

അപകടം കണ്ട് ജീവനക്കാരും ബാലന്റെ പിതാവും ചേര്‍ന്ന് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles