Wednesday, May 1, 2024
spot_img

കഷണ്ടികാര്‍ക്കും വേണം ഒരു ദിനം, പിന്‍തുണ തേടി ഐക്യരാഷ്ട്ര സഭയിലേക്ക്…

മലപ്പുറം : ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമായ ‘കഷണ്ടി’ക്കായി ഒരു ദിനത്തിന് പിന്തുണതേടി കഷണ്ടിക്കാര്‍ ഭരണാധികാരികള്‍ക്ക് കത്തയയ്ക്കും. കുട്ടികള്‍മുതല്‍ വയോജനങ്ങള്‍വരെയുള്ളവര്‍ക്ക് പ്രത്യേക ദിനങ്ങളുള്ള കാലത്ത് കഷണ്ടിക്കാര്‍ക്കും അവര്‍ക്കായി ഒരു ദിനമെന്ന് ആഗ്രഹം അധികൃതരെ അറിയിക്കാന്‍ ഒരുങ്ങുകയാണ്. ‘കഷണ്ടിക്കാരുടെ അന്താരാഷ്ട്ര ദിനം’ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാല്‍ഡേഴ്‌സ് ക്ലബ് ഇന്റര്‍നാഷണല്‍ എന്ന കൂട്ടായ്മയാണ് ഇതിനായി രംഗത്തിറങ്ങിയത്.

കഷണ്ടിക്കാരുടെ ദിനം എന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സഭയെ സമീപിക്കാനാണ് തീരുമാനം. ഇതിന് പിന്തുണതേടി ലോകത്തെ കഷണ്ടിക്കാരായ ഭരണാധികാരികള്‍ക്ക് കത്തയയ്ക്കും. സിനിമാ താരങ്ങളടക്കമുള്ള പ്രമുഖരുടെ പിന്തുണയും ഉറപ്പാക്കും. തുടര്‍ന്ന് കഷണ്ടിക്കാരായ ആയിരം പേരുടെ അപേക്ഷ ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിക്കും.

കഷണ്ടിദിനം എന്ന ആവശ്യത്തിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണനേടാന്‍ വെബ്‌സൈറ്റ് തുടങ്ങാനും ആലോചനയുണ്ട്. കൂട്ടായ്മയുടെ ഭാരവാഹികളായ മുനീര്‍ ബുഖാരി, സി.എച്ച്. മൊയ്തു, ടി.കെ. രവി, ടി.വി. മുസ്തഫ എന്നിവരാണ് ഐക്യരാഷ്ട സഭയുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ചെയ്യുന്നത്. മാര്‍ച്ച് മാസം യു.എന്നില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് മുനീര്‍ ബുഖാരി പറഞ്ഞു.ഇതിനകം തന്നെ ബാല്‍ഡേഴ്‌സ് ക്ലബ് ഇന്റര്‍നാഷണലിന്റെ മലപ്പുറം ജില്ലാ കമ്മിറ്റിയും നിലവില്‍വന്നു. മലപ്പുറത്ത് കഷണ്ടി സംഗമവും നടത്തി. ഈമാസം ക്ലബ് രജിസ്റ്റര്‍ചെയ്യും. തുടര്‍ന്ന് സംസ്ഥാന സമിതിയും ജില്ലാസമിതികളും രൂപവത്കരിക്കും. മാര്‍ച്ച് ആദ്യത്തില്‍ കോഴിക്കോട്ടും കഷണ്ടിക്കാരുടെ സംഗമം നടത്തും.

Related Articles

Latest Articles