Sunday, May 19, 2024
spot_img

ഹിന്ദു പക്ഷത്തിന് വൻ വിജയം; ഗ്യാൻ വാപി കേസിൽ മുസ്ലിം വിഭാഗം നൽകിയ അഞ്ചു ഹർജികളും തള്ളി; ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ നിർദ്ദേശം

വാരാണസി: ഗ്യാൻ വാപി കേസിൽ മുസ്ലിം വിഭാഗം നൽകിയ അഞ്ചു ഹർജികളും തള്ളി അലഹബാദ് ഹൈക്കോടതി. സുന്നി സെൻട്രൽ വക്കഫ് ബോർഡും മസ്‌ജിദ്‌ കമ്മിറ്റിയും നൽകിയ ഹർജികളാണ് കോടതി തള്ളിയത്. ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടു. ഗ്യാൻ വാപിയിൽ നശിപ്പിക്കപ്പെട്ട പുരാതന ക്ഷേത്രം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം വാരാണസി കോടതിയിൽ നൽകിയ സിവിൽ കേസ് നിലനിൽക്കുന്നതല്ലെന്നും വിചാരണ നിർത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളാണ് തള്ളിയത്.

1992 ലെ ആരാധനാലയ സംരക്ഷണ നിയമം ഈ കേസിൽ ബാധകമാകില്ലെന്നാണ് അലഹാബാദ് ഹൈക്കോടതി കണ്ടെത്തിയത്. ഇത് രണ്ടു വ്യക്തികൾ തമ്മിലുള്ള തർക്കമല്ലെന്നും രണ്ട് കമ്മിറ്റികൾ തമ്മിലുള്ള തർക്കമായതിനാൽ വേഗത്തിൽ തീർപ്പാക്കേണ്ടതുണ്ടെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. സ്ഥലത്ത് ഇപ്പോഴുള്ള മസ്‌ജിദ്‌ അവിടെയുണ്ടായിരുന്ന പുരാതന ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണെന്നും ക്ഷേത്രം പുനഃസ്ഥാപിക്കണം എന്നുമാണ് വാരാണസി കോടതിക്ക് മുന്നിലുള്ള ആവശ്യം. കോടതി ഉത്തരവ് പ്രകാരം മസ്‌ജിദിൽ വീഡിയോ സർവ്വേ നടത്തുകയും ശിവലിംഗം കണ്ടെത്തുകയും ചെയ്തിരുന്നു. സ്ഥലത്ത് ഇപ്പോൾ ആർക്കിയോളോജിക്കൽ സർവ്വേയുടെ പരിശോധന നടക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ പരിശോധന പൂർത്തിയാകും ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്.

Related Articles

Latest Articles