Saturday, May 25, 2024
spot_img

അയോദ്ധ്യ പ്രതിഷ്‌ഠാ ചടങ്ങിൽ മലയാളികളുടെ അഭിമാനതാരം മോഹൻലാലിന് ക്ഷണം; തമിഴിൽ നിന്ന് രജനികാന്തും ധനുഷും; 7000 ത്തിലധികം പേർ വിശിടാതിഥികളാകുന്ന ചടങ്ങിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്

അയോദ്ധ്യ- രാജ്യമെങ്ങും കാത്തിരിക്കുന്ന അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിനായി വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22- ന് ഉച്ചയ്‌ക്ക് 12:45നാണ് നടക്കുന്നത്. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ജനുവരി 16ന് ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടക്കുന്ന ചടങ്ങുകള്‍ 13 ദിവസം നീണ്ടു നില്‍ക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹിതം 7000-ത്തിലധികം വിശിഷ്ട വ്യക്തികളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. സിനിമ ലോകത്തുനിന്നും ചില പ്രമുഖകർക്ക് മാത്രമാണ് ക്ഷണം ലഭിച്ചത്, മലയാള സിനിമ ലോകത്തുനിന്നും നടൻ മോഹൻലാലിന് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കന്നട സിനിമാ രംഗത്തുനിന്നും നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക് മാത്രമാണ് ക്ഷണം.

തെന്നിന്ത്യൻ സിനിമാ രംഗത്ത് നിന്ന് രജനികാന്ത്, ചിരഞ്ജീവി, മോഹൻലാല്‍, ധനുഷ് എന്നിവര്‍ക്കും ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അക്ഷയ് കുമാര്‍, അനുപം ഖേര്‍ തുടങ്ങിയവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ലോകം തന്നെ ഉറ്റുനോക്കുന്ന കലാവിരുന്നോടെയാണ് ക്ഷേത്രം പണിതിരിക്കുന്നത്.

ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൻ്റെ വാതിൽ സ്വർണം കൊണ്ട് അലങ്കരിക്കുമെന്നാണ് വിവരം. ക്ഷേത്രത്തിൽ അഞ്ചു മണ്ഡപങ്ങൾ ആണ് ഉള്ളത്. ഗുധ മണ്ഡപം, രംഗ മണ്ഡപം, നൃത്യ മണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിവ. അഞ്ച് മണ്ഡപങ്ങളുടെയും കുംഭ ഗോപുരങ്ങൾക്ക് 34 അടി വീതിയും 32 അടി നീളവുമുണ്ട്. കൂടാതെ 69 അടി മുതൽ 111 അടി വരെ ഉയരവും ഉണ്ടാകും. ക്ഷേത്രത്തിൻ്റെ മൊത്തം നീളം 380 അടിയും വീതി 250 അടിയും ഉയരം 161 അടിയുമാണ്.

തേക്കുതടി കൊണ്ടുണ്ടാക്കിയ 46 വാതിലുകൾ, മക്രാന മാർബിൾ ഉപയോഗിച്ചാണ് തൂണുകൾ, ബീമുകൾ, സീലിംഗ്, മതിൽ എന്നിവ നിർമിക്കുന്നത്. കാലാവസ്ഥാ വെല്ലുവിളികൾ കണക്കിലെടുത്ത് 392 തൂണുകളും രൂപകല്പന ചെയ്തിട്ടുണ്ട്. 8.64 ഏക്കറിലാണ് മുഖ്യക്ഷേത്രം സ്ഥിതിചെയ്യുക. ഏകദേശം 17,000 കല്ലുകൾ തൂണിൻ്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ കല്ലിനും മൂന്നു ടൺ വീതം ഭാരമുണ്ട്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കല്ലുകളെത്തിച്ചത്.

Related Articles

Latest Articles