വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി. അലക്‌സാണ്ട്രോസ് പപോരാകിസ് എന്നയാളാണ് അറസ്റ്റിലായത്. റോളിങ് മെഡോവ്‌സിലെ കുക്ക് കൗണ്ടി തേര്‍ഡ് മുനിസിപ്പല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജഡ്ജി കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 30-നാണ്.
അലക്‌സാണ്ട്രോസ് കൂട്ടക്കൊലപാതകം ആസൂത്രണം ചെയ്യുന്നതായി മറ്റൊരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കൂട്ടക്കൊല നടത്താനുള്ള പദ്ധതി വിശദീകരിക്കുന്ന രേഖകളും ആയുധങ്ങളുടെ ചിത്രങ്ങളും പപോരാകിസ് തനിക്ക് അയച്ചു തന്നതായി പൊലീസിന് മൊഴി നല്‍കിയ വ്യക്തി വ്യക്തമാക്കി. ഒക്ടോബര്‍ 11-ന് ഒറോറ പ്രദേശത്തെ ഹിന്ദു ആരാധനാലയത്തെ ലക്ഷ്യമിട്ട് പപോരാകിസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

