ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നാണ് സൂചന. ഇസ്രയേലിലേക്കും തിരിച്ചുുമുള്ള എയര് ഫ്രാന്സ് വിമാനങ്ങളില് പാകിസ്ഥാനി ജീവനക്കാരെ ഇനി മുതല് അനുവദിക്കില്ല.
നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാരെ വിമാനങ്ങളില് ജീവനക്കാരായി നിയമിക്കുന്നതില് ഇസ്രയേല് ഏര്പ്പെടുത്തിയിട്ടുള്ള കര്ശന നിയന്ത്രണങ്ങള് പാലിച്ചാണ് ഈ തീരുമാനമെന്ന് എയര് ഫ്രാന്സ് വൃത്തങ്ങള് വ്യക്തമാക്കി. യുഎസ് എയര്ലൈനായ യുണൈറ്റഡ് എയര്ലൈന്സും ചെക്ക് എയര്ലൈനായ സ്മാര്ട് വിങ്സും സമാനമായ നിയന്ത്രണങ്ങള് നടപ്പിലാക്കാന് ഒരുങ്ങുന്നതായും റിപ്പോര്ട്ടുകളുണ്ട്.
ഇസ്രയേലിന്റെ നിയന്ത്രണങ്ങള് കര്ശനമായതിനെത്തുടര്ന്ന്, ഇന്തൊനീഷ്യന് പൈലറ്റ് നിയന്ത്രിച്ചിരുന്ന ഒരു ഇത്യോപ്യന് വിമാനത്തിന് കഴിഞ്ഞ ചൊവ്വാഴ്ച യാത്ര വഴിയില് ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു. വിമാനം പുറപ്പെട്ട് ഒരു മണിക്കൂര് പിന്നിട്ടപ്പോഴാണ് ഇസ്രയേലിന്റെ ഉത്തരവ് ലഭിച്ചത്. തുടര്ന്ന് വിമാനം ആഡിസ് അബബയിലേക്ക് തിരികെപ്പോവുകയും, അവിടെയെത്തി പൈലറ്റിനെ മാറ്റിയ ശേഷം വീണ്ടും ടെല് അവീവിലേക്ക് സര്വീസ് നടത്തുകയും ചെയ്തു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തൊനീഷ്യയുമായി ഇസ്രയേലിന് നയതന്ത്ര ബന്ധമില്ല.
പാകിസ്ഥാന്, ഇറാന്, ഒമാന്, സൗദി അറേബ്യ, അള്ജീരിയ, ടുണീഷ്യ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്, ഇറാഖ്, ലെബനന്, നൈജര് തുടങ്ങിയ 31 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ ഈ പുതിയ നിയന്ത്രണങ്ങള് ബാധിക്കുമെന്നാണ് വിവരം.

