Wednesday, May 15, 2024
spot_img

പ്രധാനമന്ത്രി ഇന്ന് വാരണാസിയിൽ; അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ തറക്കല്ലിടും; 16 അടൽ അവാസിയ വിദ്യാലയങ്ങൾ ഉദ്ഘാടനം ചെയ്യും

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. ഗജ്ജരിയിലെ പുതിയ സ്റ്റേഡിയം ഭാരതീയ സംസ്‌കാരം വിളിച്ചോതും വിധത്തിലാകും നിർമ്മിക്കുക. ശിവന്റെ പ്രതീകങ്ങളായ ത്രിശൂലം, ചന്ദ്രക്കല, ഢമരു എന്നിവ ഉൾക്കൊള്ളിച്ചാകും സ്റ്റേഡിയത്തിന്റെ നിർമ്മാണം എന്നാണ് പുറത്തുവരുന്ന വിവരം.

ഉച്ചയോടെയാകും ചടങ്ങ് നടക്കുക. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേന്‍ ഭാരവാഹികളും ബിസിസിഐ ഉന്നതരും ചടങ്ങില്‍ പങ്കെടുക്കും. മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദിലീപ് വെങ്സര്‍ക്കാര്‍, രവി ശാസ്ത്രി, മദന്‍ ലാല്‍, ഗുണ്ടപ്പ വിശ്വനാഥ്, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ തുടങ്ങിയവര്രാകും ചടങ്ങിന്റെ ഭാഗമാകുക.

ചടങ്ങിന് ശേഷം പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. പാർലമെന്റിൽ ചരിത്രം കുറിച്ച്, വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ 5,000 സ്ത്രീകൾ ആദരിക്കും. ഇതിന് ശേഷം രുദ്രാക്ഷ് ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ആന്റ് കൺവെൻഷൻ സെന്ററും പ്രധാനമന്ത്രി സന്ദർശിക്കും. സന്ദർശന വേളയിൽ അടൽ അവാസിയ വിദ്യാലയങ്ങളും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. ഏകദേശം 1,115 കോടി രൂപ ചെലവിൽ നിർമ്മിച്ച 16 വിദ്യാലയങ്ങളുടെ ഉദാഘാടന ചടങ്ങാകും നടക്കുക.

നിർമ്മാണത്തൊഴിലാളികളുടെയും ദിവസ വേതനക്കാരുടെയും മക്കൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനും അവരുടെ സമഗ്രമായ വികസനത്തിനും സഹായിക്കുന്നതിനായാണ് ഈ സ്‌കൂളുകൾ ആരംഭിക്കുന്നത്. ഓരോ അടൽ സ്‌കൂളും 10-15 ഏക്കറിലാണ് നിർമ്മിച്ചിരിക്കുന്നത്. കായിക പ്രവർത്തനങ്ങൾക്ക് ഗ്രൗണ്ട്, വിനോദ മേഖല, മിനി ഓഡിറ്റോറിയം, ഹാസ്റ്റൽ സമുച്ചയം, മെസ്, ജീവനക്കാർക്കുള്ള റെസിഡൻഷ്യൽ ഫ്‌ളാറ്റുകൾ എന്നിവയും ഇവിടെ ഉൾക്കൊള്ളുന്നു. ഓരോ സ്‌കൂളിലും 1,000 വിദ്യാർത്ഥികൾക്ക് പഠിക്കാനാകും.

Related Articles

Latest Articles