സില്‍ചാര്‍: രാജ്യത്ത് മോദി തരംഗം അലയടിക്കുന്നത് മനസിലാക്കാന്‍ കഴിയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് നടന്ന ഇന്ന് അസമില്‍ സില്‍ച്ചാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഏത് ദിശയിലേക്കാണ് കാറ്റ് വീശുന്നതെന്ന് ജനങ്ങളുടെ ആവേശത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. രാജ്യത്ത് മോദിതരംഗം അലയടിക്കുന്നുവെന്നാണ് ഇതുവരെ മനസിലാക്കാന്‍ കഴിയുന്നത്. അസമില്‍ ഇന്ന് വോട്ടെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും എന്‍.ഡി.എ വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വോട്ട് നേടുന്നതിനുവേണ്ടി കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചു. കാശ്മീരിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും നുഴഞ്ഞുകയറ്റ പ്രശ്‌നം കോണ്‍ഗ്രസിന് പരിഹരിക്കാമായിരുന്നു. എന്നാല്‍ വോട്ടുകള്‍ മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

