Sunday, May 19, 2024
spot_img

ഒന്നരമണിക്കൂറോളം യാത്രാ സമയ ലാഭം; തീവ്രവാദ ഭീഷണിയും പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് നിർമ്മാണം പൂർത്തിയാക്കി; രാജ്യത്തെ വൻകിട ടണലുകളുടെ പട്ടികയിൽ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ച ബനിഹാൽ ക്വാസിഗുണ്ട് ഭൂഗർഭപാത

ജമ്മുവിനെയും കശ്മീരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന എല്ലാത്തരം കാലാവസ്ഥക്കും അനുയോജ്യമായ അത്യാധുനിക ടണലായ ബനിഹാൽ ക്വാസിഗുണ്ട് റോഡ് ടണൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിച്ചു. 31,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ഇതോടെ കശ്മീരിൽ പൂർത്തിയായത്. 8.45 കിലോമീറ്റർ ദൈർഘ്യമുള്ള ടണൽ ജമ്മുവും കാശ്മീരും തമ്മിലുള്ള യാത്രാ ദൈർഘ്യം 16 കിലോമീറ്ററോളം കുറയ്ക്കും. ഒന്നരമണിക്കൂറോളം യാത്രാസമയം കുറക്കുകയും ചെയ്യും. മോശം കാലാവസ്ഥയിൽ യാത്ര ദുസ്സഹമായി തീരുന്ന നിലവിലെ പാതയിലെ യാത്രാ ദുരിതത്തിന് ഇതോടെ പരിഹാരമാകുകയാണ്. ടണലിൽ വായുസഞ്ചാരവും വെളിച്ചവും അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള സൗകര്യങ്ങളടക്കം നിരവധി ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. 2011 ലാണ് ഭൂഗർഭപാതയുടെ നിർമ്മാണം ആരംഭിച്ചത്

കയറ്റവും വളവുകളും ഒഴിവാക്കിയാണ് ഒന്നരമണിക്കൂർ യാത്രാസമയലാഭം സാധ്യമാകുന്നത്. തീവ്രവാദ ഭീഷണിയും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ് ഭൂഗർഭപാത നിർമ്മാണം പൂർത്തിയായത്. ജമ്മു കശ്മീർ രാജ്യത്തിനാകെ പുതിയ മാതൃക തീർക്കുകയാണെന്ന് പാത രാഷ്ട്രത്തിനു സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കശ്മീരിൽ ടൂറിസം വീണ്ടും വളർന്നു. പാലി രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്തായി മാറുന്നു. കേന്ദ്ര സർക്കാറിന്‍റെ എല്ലാ പദ്ധതികളും കശ്മീർ താഴ്വരയിലും നടപ്പാക്കി -പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിലെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽനിന്ന് നേരെ പാലി ഗ്രാമത്തിലേക്കാണ് എത്തിയത്. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം ആദ്യമായാണ് മോദി ഔദ്യോഗിക പരിപാടികൾക്കായി ജമ്മു-കശ്മീർ സന്ദർശിക്കുന്നത്. സന്ദർശനം കണക്കിലെടുത്ത് സംസ്ഥാനം കനത്ത സുരക്ഷാ വലയത്തിലായിരുന്നു.

Related Articles

Latest Articles