പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ നടത്തുന്ന വിദേശയാത്രയിലെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് ജി-7 ഉച്ചകോടിയിൽ സംബന്ധിക്കുക എന്നതായിരുന്നു, അതെ ഇന്ത്യ അംഗമല്ലാത്ത ലോകത്തിലെ ഏറ്റവും സമ്പന്ന, വികസിത രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ തന്നെ. ഒരു ലോക ശക്തി എന്ന നിലയിൽ അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യ സ്വന്തം സ്ഥാനം ഉറപ്പിച്ചു എന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമായാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികമായും വ്യക്തിപരമായും ക്ഷണിച്ചത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ആണ്.
ഫ്രാൻസിനെ കൂടാതെ അമേരിക്ക, കാനഡ, ബ്രിട്ടൻ , ജർമ്മനി, ഇറ്റലി, ജപ്പാൻ. എന്നീ രാജ്യങ്ങൾ ജി-7 ൽ അംഗങ്ങളാണ്. പ്രധാനമായും സാമ്പത്തിക വികസന വിഷയങ്ങൾ ചർച്ച ചെയ്യുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി പ്രത്യേക ക്ഷണിതാവ് ആകുന്നത് തന്നെ രാജ്യം കൈവരിക്കുന്ന വികസനത്തിന്‍റെയും സാമ്പത്തിക വളർച്ചയുടെയും നേർ സാക്ഷ്യമായാണ് വിലയിരുത്തപ്പെടുന്നത്.
ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിൽ എത്തിയ നരേന്ദ്രമോദി ലോക നേതാക്കളുമായും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറേസുമായും ചർച്ച നടത്തി. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായും പ്രത്യേക ചർച്ച ഇന്ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ചകളെ ഏറെ പ്രതീക്ഷയോടെയാണ് യു എസ് പ്രസിഡന്‍റ് ട്രംപ് നോക്കികാണുന്നതെന്നു വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ഇരു നേതാക്കളും ഫോണിൽ സംസാരിച്ചിരുന്നുവെന്നും ഉഭയകക്ഷി വ്യാപാരവും, ഭീകരവാദത്തിനെതിരെയുള്ള സംയുക്ത നീക്കവും ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഉൾപ്പെടുമെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

