Monday, October 5, 2026

പതിറ്റാണ്ടുകളുടെ സ്വപ്‌നം പൂവണിയുന്നു ! വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി കേരളം; അസാധാരണ സുരക്ഷാ വലയത്തിൽ അനന്തപുരി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനൊരുങ്ങി അനന്തപുരി. വിഴിഞ്ഞം തുറമുഖം രാഷ്ട്രത്തിന് സമർപ്പിക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി നേരെ രാജ്ഭവനിലെത്തും. രാജ്ഭവനിലാണ് പ്രധാനമന്ത്രി തങ്ങുക. കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുമായി അത്താഴ വിരുന്ന് നിശ്ചയിച്ചിട്ടുണ്ട്. നാളെ രാവിലെ പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് പുറപ്പെടും. 10. 15 ന് വിഴിഞ്ഞത്തെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഔദ്യോഗികമായി സ്വീകരിക്കും. മൂന്നു ഹെലിപാഡുകളാണ് വിഴിഞ്ഞത്ത് പ്രധാനമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്.

ടെക്‌നിക്കൽ റൂമിൽ എത്തി തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ മനസിലാക്കിയ ശേഷം അദ്ദേഹം തുറമുഖം രാജ്യത്തിന് സമർപ്പിക്കും. തുടർന്ന് 12 മണിയോടെ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളം വഴി ദില്ലിക്ക് തിരിച്ചുപോകും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരവും വിഴിഞ്ഞവും അസാധാരണ സുരക്ഷാ വലയത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി 10 മണിവരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ആറു മണി മുതൽ 10 മണിവരെയും നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം പാകിസ്ഥാനെതിരെ സൈനിക നടപടിക്കൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം. ദില്ലിയിൽ തിരക്കിട്ട സുരക്ഷാ യോഗങ്ങളുടെ ഇടവേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സന്ദർശിക്കാനുള്ള സാധ്യതയുമുണ്ട്. പ്രധാനമന്ത്രിയുടെ യാത്രാ പാതയും രാജ്ഭവനും വിഴിഞ്ഞവും എസ് പി ജി സുരക്ഷാ വലയത്തിലാണ്.

കേരളത്തിന്റെ പതിറ്റാണ്ടുകളായുള്ള വികസന സ്വപ്‌നമായ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം 2014 ൽ പ്രധാനമന്ത്രിയായി നരേന്ദ്രമോദി എത്തിയതിന് ശേഷമാണ് ആരംഭിച്ചത്. പദ്ധതിയുടെ തടസങ്ങളെല്ലാം നീങ്ങിയത് കേന്ദ്രത്തിൽ മോദി സർക്കാർ വന്നതിന് ശേഷമാണ്. 2019 ൽ പൂർത്തിയാക്കേണ്ട പദ്ധതിയുടെ ഒന്നാം ഘട്ടം കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ വൈകിയിരുന്നു. നാല് ഘട്ടങ്ങൾ ഉൾപ്പെടുന്ന പദ്ധതിയുടെ ബാക്കിയുള്ള ഘട്ടങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം.

Related Articles

Latest Articles