Monday, May 6, 2024
spot_img

യു എ ഇ യിലെ ചരിത്ര സന്ദർശനം പൂർത്തിയാക്കി ഖത്തറിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം നൽകിയത് ഗംഭീര വരവേൽപ്പ്; ഖത്തർ പ്രധാനമന്ത്രിയുമായി മോദി ചർച്ച നടത്തി; ഖത്തർ അമീറുമായി കൂടിക്കാഴ്ച ഇന്ന്

ദോഹ: യു എ ഇ യിലെ ചരിത്ര സന്ദർശനം പൂർത്തിയാക്കി ഖത്തറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദോഹയിൽ ഇന്ത്യൻ സമൂഹം നൽകിയത് ഗംഭീര വരവേൽപ്പ്. 2016 ജൂണിലെ സന്ദർശനത്തിന് ശേഷം ഇത് ഖത്തറിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാം സന്ദർശനമാണ്. ഖത്തർ വിദേശകാര്യ മന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. തുടർന്ന് അദ്ദേഹം ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസ്സിം അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനുതകുന്ന ചർച്ചകൾ നടന്നതായി പ്രധാനമന്ത്രി പിന്നീട് സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു. ഇന്ന് അദ്ദേഹം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തും.

രണ്ടു ദിവസത്തെ യു എ ഇ സന്ദർശനത്തിന് ശേഷമുള്ള ഖത്തർ സന്ദർശനം പെട്ടെന്ന് തീരുമാനിക്കപ്പെട്ടതായിരുന്നു. ഖത്തറിൽ വധശിക്ഷയ്ക്ക് വിധേയരായ മുൻ ഇന്ത്യൻ നാവികരെ നയതന്ത്ര ഇടപെടലുകളെ തുടർന്ന് ഖത്തർ കോടതി കുറ്റ വിമുക്തരാക്കിയിരുന്നു. ഇവർ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയതിന് ശേഷം ഖത്തർ അമീറിനോട് നേരിട്ടെത്തി നന്ദിപറയുകയാണ് സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യം. ചാരവൃത്തി ആരോപിക്കപ്പെട്ട് ജയിലിലായ മുൻ നാവികരുടെ വധശിക്ഷ തടവ് ശിക്ഷയായി കുറയ്ക്കുകയും പിന്നീട് കുറ്റ വിമുക്തരാക്കുകയുമായിരുന്നു.

Related Articles

Latest Articles