Thursday, May 2, 2024
spot_img

തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കി കേന്ദ്ര സർക്കാർ; സോമനാഥ ക്ഷേത്രത്തിന് സമീപത്തെ സർക്യൂട്ട് ഹൗസ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ദില്ലി: സോമനാഥ ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കാൻ കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി നിർമ്മിച്ച ക്ഷേത്രത്തിന് സമീപമുള്ള സർക്യൂട്ട് ഹൗസ് (Circuit House near Somnath Temple) പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിനടുത്താണ് പുതിയ സർക്യൂട്ട് ഹൗസ് നിർമ്മിച്ചിരിക്കുന്നത് എന്നും തീർത്ഥാടകർക്ക് ഇത് കൂടുതൽ സൗകര്യപ്രദമാകുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ഏത് മുറിയിൽ നിന്ന് നോക്കിയാലും കടൽക്കാഴ്ച കാണാൻ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. ഇത് കൂടുതൽ ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.

ഗുജറാത്തിൽ 30 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രത്തിന് സമീപമുള്ള സർക്യൂട്ട് ഹൗസ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് വീഡിയോ കോൺഫൻസിലൂടെയാണ് പരിപാടി നടക്കുക. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷക്കണത്തിന് ഭക്തരാണ് വർഷം തോറും സോമനാഥ ക്ഷേത്രത്തിൽ എത്തുന്നത്. ഇവർക്ക് താമസിക്കാനും മറ്റുമായി സർക്കാർ ഒരുക്കുന്ന സൗകര്യം വളരെ അകലെയാണ്. ഇത് ഭക്തരെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ പദ്ധതി നടപ്പിലാക്കിയത്. സ്യൂട്ടുകൾ, വിഐപി, ഡീലക്‌സ് മുറികൾ, കോൺഫറൻസ് റൂം, ഓഡിറ്റോറിയം ഹാൾ തുടങ്ങി ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

Related Articles

Latest Articles