Sunday, May 19, 2024
spot_img

പ്രധാനമന്ത്രിയുടെ യു.എസ് സന്ദർശനം ഇന്ന് അവസാനിക്കും; ഈജിപ്ത് സന്ദർശനത്തിനായി മോദി ഇന്ന് കെയ്റോയിലേക്ക് തിരിക്കും

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ഇന്ന് അവസാനിക്കും. കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായും സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രമുഖ അമേരിക്കൻ കമ്പനി മേധാവികളെയും പ്രധാനമന്ത്രി കണ്ടു. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ബോയിങ്, ആമസോൺ, ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികളുടെ സി.ഇ.ഒമാർ പങ്കെടുത്തു. ഇന്ത്യയിലെ ഡിജിറ്റൽ രംഗത്ത് 10 ബില്ല്യൻ യു.എസ് ഡോളർ നിക്ഷേപിക്കുമെന്ന് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ അറിയിച്ചിരുന്നു.

ഇന്ത്യൻ വ്യവസായ പ്രമുഖരായ ആനന്ദ് മഹീന്ദ്ര, മുകേഷ് അംബാനി, നിഖിൽ കാമത്ത്, വൃന്ദ കപൂർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വൈസ് പ്രസിഡന്‍റ് കമലാ ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റില്‍ മോദിക്ക് വിരുന്നൊരുക്കി. നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനം ഉഭയകക്ഷിബന്ധത്തെ പുതിയ തലത്തിലേക്കെത്തിക്കുമെന്ന് കമല ഹാരിസ് പറഞ്ഞു. യു.എസിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

ഈജിപ്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കെയ്റോയിലേക്ക് തിരിക്കും. യുഎസ് സന്ദർശനം പൂർത്തിയാക്കി എത്തുന്ന പ്രധാനമന്ത്രി ഒന്നാം ലോകയുദ്ധത്തിൽ വീരമൃത്യു വരിച്ച നാലായിരം ഇന്ത്യൻ സൈനികരുടെ സ്മാരകത്തിൽ ആദരം അർപ്പിച്ചാണ് ദ്വിദിന സന്ദർശനം ആരംഭിക്കുക. ഇതാദ്യമായാണ് മോദി ഈജിപ്ത് സന്ദർശിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ് ഫത്താ അൽ സിസിയുമായി ചർച്ച നടത്തും.

Related Articles

Latest Articles